വൈദ്യുതി പോസ്റ്റുകളിൽ ഇനി ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകൾ!
ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ചാര്‍ജ് ചെയ്യുന്നതിനുള്ള ബൃഹത്തായ ഒരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബിയുടെ ഡിസ്ട്രിബ്യൂഷന്‍ പോളുകളില്‍ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്ന ഒരു പൈലറ്റ് പ്രോജക്റ്റ് നവംബറോടെ പൂർത്തിയാകും. മൊബൈല്‍ ആപ്ലിക്കേഷൻ ഉപയോഗിച്ച് പ്രീ പെയ്ഡ് സംവിധാനം വഴി പണമടച്ച് ചാര്‍ജ് ചെയ്യുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇ-ഓട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട് നഗരത്തിലാണ് 10 ചാര്‍ജ് പോയിന്റുകൾ ഉള്‍പ്പെടുന്ന ഈ പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
എല്ലാ വകുപ്പുകളുടേയും ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തി ‘e-സേവനം’ (www.services.kerala.gov.in) എന്ന ഏകീകൃത പോർട്ടൽ പ്രവർത്തന സജ്ജമാകുന്നു. ആദ്യഘട്ടത്തിൽ വിവിധ വകുപ്പുകളുടെ 500-ലധികം സേവനങ്ങൾ e-സേവനം മുഖേന ലഭ്യമാകും.
വകുപ്പ് അടിസ്ഥാനത്തിലും ഉപഭോക്തൃവിഭാഗങ്ങളുടെ അടിസ്ഥാനത്തിലും സേവനങ്ങളെ രണ്ടായി തരം തിരിച്ചാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ തിരയാനും കണ്ടെത്താനുമായി സേവനങ്ങളെ ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ കർഷകർ, വിദ്യാർത്ഥികൾ, സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, നൈപുണ്യ വികസനം, സാമൂഹ്യ സുരക്ഷ പെൻഷൻ, പൊതു ഉപയോഗ സേവനങ്ങൾ, മറ്റു സേവനങ്ങൾ എന്നിങ്ങനെ ഒൻപതെണ്ണമായി തരം തിരിച്ചിട്ടുണ്ട്. കൂടാതെ വിവിധ വകുപ്പുകളുടെ സേവനങ്ങൾ അക്ഷരമാലക്രമത്തിലും ലഭ്യമാണ്.
ഇതിനു പുറമേ, 450 സേവനങ്ങൾ ഉൾപ്പെടുത്തിയ m-Sevanam എന്ന മൊബൈൽ ആപ്പും തയ്യാറായി. ഈ ആപ്പ് ആൻഡ്രോയിഡ്, iOS എന്നീ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും. കോവിഡിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളിലെ തിരക്കുകൾ നിയന്ത്രിക്കാനും കൂടുതൽ അനായാസമായും ഫലപ്രദമായും സേവനങ്ങൾ ജനങ്ങളിലേയ്ക്കെത്തിക്കാനും ഈ ഏകീകൃത സംവിധാനം സഹായകമാകും.
ഇതിനു പുറമേ കേരള സർക്കാരിൻ്റെ വെബ് പോർട്ടൽ ആയ www.kerala.gov.in നവീകരിച്ചിട്ടുണ്ട്.
വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന ഓൺലൈൻസേവനങ്ങളുടെ സ്ഥിതിവിവരങ്ങൾ ലഭ്യമാക്കുന്ന സർവീസ് ഡാഷ്ബോർഡും (dashboard.kerala.gov.in) വികസിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഓരോ വകുപ്പുകളുടെയും സേവന വിതരണവുമായി ബന്ധപ്പെട്ട വസ്തുതകൾ പോർട്ടലിൽ ലഭ്യമാകും. സർക്കാരിൻ്റെ വിവിധ വകുപ്പുകൾ പുറപ്പെടുവിയ്ക്കുന്ന, സർക്കുലറുകൾ, ഓർഡറുകൾ അറിയിപ്പുകൾ, വിജ്ഞാപനങ്ങൾ ടെൻഡറുകൾ എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന ‘ഡോക്യുമെന്റ് റെപ്പോസിറ്റോറി പോർട്ടലും’ കേരള സ്റ്റേറ്റ് പോർട്ടലിൻ്റെ ഭാഗമായി വികസിപ്പിച്ചിട്ടുണ്ട്.
ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള ചട്ടത്തില്‍ മാറ്റം വരുത്തി
പഞ്ചായത്തുകളില്‍ വ്യവസായ, വ്യാപാര സംരംഭം ആരംഭിച്ച വ്യക്തിയുടെ പേരിലുള്ള ലൈസന്‍സ് ഒരു വര്‍ഷത്തിനുള്ളില്‍ മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതിന് ഉണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങള്‍ മാറ്റി ഉത്തരവിടാന്‍ നിര്‍ദേശിച്ചതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ലൈസന്‍സ് എന്താവശ്യത്തിനാണോ എടുത്തിരിക്കുന്നത് അതില്‍ മാറ്റം വരുത്താതെയായിരിക്കണം കൈമാറ്റം. പുതിയ ഉടമസ്ഥന്‍ കെട്ടിടത്തിന്റെ ഉടമസ്ഥനല്ലെങ്കില്‍ ഉടമയുടെ സമ്മതപത്രം ഉണ്ടെന്ന് ഉറപ്പുവരുത്തി വേണം ലൈസന്‍സ് കാലാവധിക്കുള്ളില്‍ മാറ്റം അനുവദിക്കേണ്ടത്. കേരള മുനിസിപ്പാലിറ്റിയുടെ ഫാക്ടറികളും വ്യാപാരങ്ങളും സംരംഭ പ്രവര്‍ത്തനങ്ങളും മറ്റ് സേവനങ്ങളും ലൈസന്‍സ് നല്‍കല്‍ ചട്ടത്തില്‍ എട്ടാമത് ചട്ടം വ്യവസ്ഥ ചെയ്തിരിക്കുന്നത് പോലെയാണ് പഞ്ചായത്ത് രാജ് ചട്ടത്തിലും മാറ്റം വരുത്തി വ്യവസ്ഥ ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതോടെ വ്യവസായമോ, വ്യാപാരമോ കൈമാറ്റം ലഭിച്ച് കിട്ടുന്ന വ്യക്തി എല്ലാ ലൈസന്‍സുകളും വീണ്ടും എടുക്കേണ്ട സ്ഥിതിക്ക് മാറ്റമുണ്ടാവുകയാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടി ചേര്‍ത്തു.
ഓട്ടോ ഡെബിറ്റ് ഇനി ഇല്ല. സ്ഥിരമായ ബിൽ അടയ്ക്കലിന് ക്രെഡിറ്റ്–ഡെബിറ്റ് കാർഡുകളിൽനിന്ന് ഓട്ടമാറ്റിക് ആയി പണം പിൻവലിക്കപ്പെടുന്ന ഓട്ടോ–ഡെബിറ്റ് രീതി ഇനി എല്ലാ. കാർഡ് ഉടമയുടെ സമ്മതം ഉണ്ടെങ്കിലേ ഓരോ തവണയും ഇടപാട് പൂർത്തിയാക്കാനാകൂ.
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, അലഹാബാദ് ബാങ്ക് എന്നിവയുടെ പാസ് ബുക്കുകൾ അസാധു. ഏത് ബാങ്ക് ശാഖയിലേക്കാണോ അക്കൗണ്ടുകൾ ലയിപ്പിച്ചത് അവിടെനിന്നുള്ള ചെക്ക് ബുക്ക് ഉപയോഗിക്കണം.
തപാൽ ബാങ്ക് എടിഎം കാർഡുകളുടെ സേവനങ്ങൾക്കു ഇന്നു മുതൽ ഫീസ് ഈടാക്കും.തപാൽ ബാങ്ക് എടിഎഎമ്മുകളിൽ നിന്ന് ഇനി മാസത്തിൽ 5 തവണയേ സൗജന്യമായി പണം പിൻവലിക്കാൻ കഴിയു.തുടർന്നുള്ള ഇടപാടുകൾക്ക് 10 രൂപയും ജിഎസ്ടിയും ഈടാക്കും. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് മാസത്തിൽ മൂന്നുതവണ സൗജന്യമായി പണം പിൻവലിക്കാം. തുടർന്നുള്ള ഇടപാടുകൾക്ക് 20 രൂപയും ജിഎസ്ടിയും ഈടാക്കും.
ഭക്ഷ്യ വ്യാപാരികൾ നൽകുന്ന ബില്ലുകളിൽ ഭക്ഷ്യസുരക്ഷ, ഗുണനിലവാര അതോറിറ്റി നൽകുന്ന ഭക്ഷ്യ സുരക്ഷാ നമ്പർ നിർബന്ധമാക്കി. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ തുടങ്ങി എല്ലാ ഭക്ഷണശാലകളും ബേക്കറി, പലചരക്ക് സ്ഥാപനങ്ങളിലും ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ ബോർഡ് നിർബന്ധമാക്കി. എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ബോർഡുകൾക്കു വിവിധ നിറം നൽകിയിട്ടുണ്ട്. പഴം/പച്ചക്കറി എന്നിവയ്ക്കു പച്ച നിറം, പാൽ വിൽപന നീല, പലചരക്കു വ്യാപാരം ചാര നിറം, ട്രാൻസ്പോർട്ടേഷൻ, വിതരണം നേവി ബ്ലൂ, മദ്യ വിൽപന തവിട്ടു നിറം, ഇറച്ചി വിൽപന ചുവപ്പു തുടങ്ങിയവയാണ് നൽകിയിരിക്കുന്ന നിറങ്ങൾ.
രാത്രിയും പകലുമായി 25 ദിവസം കൊണ്ട് 6 നിലക്കെട്ടിടം.
കണ്ണടച്ചു തുറക്കും മുൻപൊരു 6 നിലക്കെട്ടിടത്തിന്റെ പണി പൂർത്തിയായി. സാധാരണ 6 നില കെട്ടിടം മാസങ്ങളെടുത്താണു നിർമാണം പൂർത്തിയാകാറുള്ളത്. കെകെകെ ചീരങ്കൻ ടവർ എന്ന 22000 ചതുരശ്ര അടിയുള്ള കമേഴ്സ്യൽ കോംപ്ലക്സിന്റെ ഇരുപത്തിയഞ്ചു ദിവസം കൊണ്ട് പണി പൂർത്തിയായി. സൈറ്റിൽ തൊഴിലാളികളെ ഉപയോഗിച്ചു സാധാരണ രീതിയിലുള്ള നിർമാണ പ്രവർത്തനത്തിലൂടെ ആണ് ഏതു സാധിച്ചതും. കൂടുതൽ തൊഴിലാളികളെയും യന്ത്രങ്ങളും ഉപയോഗിച്ചാണ് ഇതു സാധ്യമാക്കിയത്….
സെപ്റ്റംബർ ഒന്നിനു കോഴിക്കോട് മേയർ ബീന ഫിലിപ്പ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. കോൺക്രീറ്റ് മിക്സിന് എം60 മിക്സാണ് ഉപയോഗിച്ചത്. ഇതു ഡിസൈന് 3 ദിവസം കൊണ്ട് ബലം നൽകി.
രാത്രിയും പകലുമായി രണ്ടു ഷിഫ്റ്റുകളായിട്ടായിരുന്നു നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. മുപ്പതിലേറെ തൊഴിലാളികൾ ഒരു ഷിഫ്റ്റിൽ പണി എടുത്തിരുന്നു. കൂടുതൽ കെട്ടിടങ്ങൾ ഇങ്ങനെ നിർമിക്കാനാണ് ഉദ്ദേശ്യം.
ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെ ദൃശ്യ വധക്കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു .
പെരിന്തൽമണ്ണ: ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് വിനോദ് ജയിലിലേക്കുള്ള യാത്രക്കിടെ രക്ഷപ്പെടാൻ ശ്രമിച്ചു. ദേശീയ പാതയിൽ പയ്യോളി (കോഴിക്കോട്) ടൗണിന് വടക്ക് ഭാഗത്തെ സ്വകാര്യ ഹോട്ടലിന് മുൻവശം വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മഞ്ചേരി സ്പെഷൽ സബ് ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള യാത്രമധ്യേ പ്രതിക്ക് മൂത്രമൊഴിക്കാൻ വേണ്ടി റോഡരികിൽ വാഹനം നിർത്തിയ സന്ദർഭത്തിലായിരുന്നു സംഭവം. ഓടി രക്ഷപ്പെട്ട പ്രതി സമീപത്തെ റെയിൽവെ ഗേറ്റും കടന്ന് പയ്യോളി മീൻപെരിയ റോഡിൽ എത്തുകയായിരുന്നു.
റോഡിന് സമീപം നിർത്തിയ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന യാത്രക്കാരെ ആക്രമിച്ച് പ്രതി അതേ സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമീപത്ത് ഉണ്ടായിരുന്ന യുവാവിന്‍റെ ചെറുത്ത് നിൽപ്പിൽ ശ്രമം വിഫലമായി. തുടർന്ന് പൊലീസെത്തി പ്രതിയെ ജയിൽ വാഹനത്തിലേക്ക് കയറ്റി.
പയ്യോളി തടിയൻ പറമ്പിൽ നൗഷാദാണ് സ്കൂട്ടറിൽ കയറി രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമം തടഞ്ഞത്. സ്കൂട്ടർ യാത്രക്കാരായ പയ്യോളി കടപ്പുറം താരേമ്മൽ അൻവർ ഹുസൈൻ (45), മകൾ ആയിഷ ഫിദ (16) എന്നിവരെയാണ് പ്രതി ആക്രമിച്ചത്. സംഭവത്തിൽ ആയിഷ ഫിദയുടെ കൈക്ക് പരിക്കേറ്റു. ഇരുവരും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് പയ്യോളി സി.ഐ കെ.സി. സുഭാഷ് ബാബുവും സംഘവും സ്ഥലത്തെത്തി. 2021 ജൂൺ 17നാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 21കാരിയായ ദൃശ്യയെ പ്രതി വിനീഷ് വിനോദ് കൊലപ്പെടുത്തിയത്.
കേരള വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി. സതീദേവി ഇന്നു ചുമതലയേല്‍ക്കും. കേരള വനിതാ കമ്മിഷന്റെ ഏഴാമത്തെ അധ്യക്ഷയാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലാ കോടതികളില്‍ അഭിഭാഷകയായി പ്രവർത്തിച്ചിട്ടുണ്ട്. 2004 മുതല്‍ 2009 വരെ വടകര ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു വടകര സ്വദേശിയായ അഡ്വ. പി. സതീദേവി. കലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലെ വിദ്യാര്‍ത്ഥി പ്രനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍, എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.പരമാധികാരികള്‍ നമ്മള്‍ തന്നെ എന്ന പുസ്തകത്തിന്റെ രചയിത്രി ആണ്. പരാതിക്കാരിയോട് മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെട്ട ജോസഫൈനിന് പകരമായാണ് സതീദേവി സ്ഥാനമേല്‍ക്കുന്നത്.
തിരുവനന്തപുരം: ചൊവാഴ്ച വരെ സംസ്ഥാനമൊട്ടാകെ വ്യാപകമായി മഴയ്ക്ക് സാധ്യത . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ യെൽലോ അലെർട് പ്രഘ്യപിച്ചു. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.
ന്യൂനമർദ്ദമായി ചുരുങ്ങി, ബംഗാൾ ഉൾക്കടലിൽ നിന്നും അറബിക്കടലിലേക്ക് എത്തിയ ഗുലാബ് അതിതീവ്ര ന്യൂനമർദ്ദമായി , ഷഹീൻ ചുഴലിക്കാറ്റായി മാറും. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ ശക്തമാകാൻ കാരണം. ഇടിമിന്നൽ അപകടകരമായതിനാൽ മുൻകരുതൽ എടുക്കണം.
2022 ല്‍ ഉപഗ്രഹത്തില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ്.
ന്യൂഡല്‍ഹി: 2022 ഡിസംബറോടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ആരംഭിക്കാൻ ലക്ഷ്യമിടുന്നതായി സ്റ്റാര്‍ലിങ്ക് ഇന്ത്യ. രണ്ട് ലക്ഷം ടെര്‍മിനലുകള്‍ 2022 ഡിസംബറോടെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഉണ്ട്. അനുമതിക്കായുള്ള എല്ലാ അപേക്ഷകളും സമര്‍പ്പിച്ച് കഴിഞ്ഞിട്ടുണ്ടെന്നും അധികൃതരുടെ പരിഗണനയ്ക്കായി കാത്തിരിക്കുകയാണെന്നും സ്റ്റാര്‍ലിങ്ക് ഇന്ത്യ കണ്‍ട്രി ഡയറക്ടര്‍ സഞ്ചയ് ഭാര്‍ഗവ പറഞ്ഞു. 2020 ലാണ് പബ്ലിക് ബീറ്റാ പരീക്ഷണത്തിനായി സ്റ്റാര്‍ലിങ്ക് സേവനം തുടങ്ങിയത്.