പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് അഭിസംബോധന ചെയ്യുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ആരാണ് ലഹരി ഉപയോഗിക്കുന്നതെന്ന് ആലോചിച്ച് നോക്കിയാൽ മതി; സായ് കൃഷ്ണക്കെതിരെ ആഞ്ഞടിച്ച് ജിന്റോ
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ തന്നെ എക്സൈസ് സംഘം വിളിപ്പിച്ച സംഭവത്തിലും സായ് കൃഷ്ണ തന്നെക്കുറിച്ച് വീഡിയോ ചെയ്തതിലും പ്രതികരണവുമായി ബിഗ്ബോസ് താരം ജിന്റോ രംഗത്ത്. പ്രതിയുടെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള ആളുകളെയാണ് വിളിപ്പിച്ചതെന്നും തന്റെ ജിമ്മിന്റെ അടുത്താണ് അവർ താമസിക്കുന്നതെന്നും ജിന്റോ പറഞ്ഞു.
പണം കൊടുത്തത് കടമായിട്ടാണെന്നും അച്ഛന് സുഖമില്ലെന്നു പറഞ്ഞ് ആ സ്ത്രീ തന്നെ വിളിച്ചിരുന്നതായും ജിന്റോ പറഞ്ഞു. പിന്നീട് അവരുടെ അച്ഛൻ മരിച്ചതായും അതിനു ശേഷവും താൻ പണം കൊടുത്തിരുന്നെന്നും ജിന്റോ പറയുന്നു. ബിഗ്ബോസ് താരം ജിന്റോ അറസ്റ്റിൽ എന്നു പറഞ്ഞാണ് പലരും വീഡിയോ പോസ്റ്റ് ചെയ്തതെന്നും ജിന്റോ കൂട്ടിച്ചേർത്തു.
ജിന്റോയ്ക്കെതിരെ ബിഗ്ബോസ് താരവും യൂട്യൂബറുമായ സായ് കൃഷ്ണയും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതേക്കുറിച്ചും താരം പ്രതികരിച്ചു. ”സായ് എന്നെ കുറിച്ച് ചെയ്ത വീഡിയോ ഞാൻ കണ്ടിരുന്നു. അപ്പോൾ തന്നെ വിളിക്കുകയും ചെയ്തിരുന്നു. വീഡിയോ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ഇല്ലാത്ത കാര്യങ്ങളാണ് സായ് വീഡിയോയിൽ പറഞ്ഞത്.
നിങ്ങൾ ജെനുവിനാണ് തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാൽ അതിനെ കുറിച്ച് അപ്പോൾ വീഡിയോ ചെയ്യാമെന്നായിരുന്നു സായിയുടെ മറുപടി. പക്ഷെ ഇതുവരെ സായ് അത് ചെയ്തിട്ടില്ല. അത് സായ് കാണിച്ച പോക്രിത്തരം”, ഒരു ഓൺലൈൻ മാധ്യമത്തോട് ജിന്റോ പറഞ്ഞു. സായ്ക്കെതിരെയും മറ്റു രണ്ടു പേർക്കെതിരെയും കേസ് കൊടുത്തിട്ടുണ്ടെന്നും ജിന്റോ കൂട്ടിച്ചേർത്തു.”പുലി പോലെ ബിഗ് ബോസ് ഹൗസിലേക്ക് വന്ന് കേറിയ ആളാണ് സായ്. പക്ഷെ രണ്ട് ദിവസം കൊണ്ട് ഡൗണായി. പുലി പോലെ ഇരുന്ന സായിയാണ് ഹൗസിൽ വന്ന രണ്ടാം ദിവസം മുതൽ ഡൗണായത്. അപ്പോൾ ആരാണ് യഥാർത്ഥത്തിൽ ലഹരി ഉപയോഗിക്കുന്നതെന്ന് നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കിയാൽ മതി. കാറിനുള്ളിൽ കിടന്ന് സംസാരിക്കുന്ന സായ് അല്ലായിരുന്നു അവിടെ”, ജിന്റോ കൂട്ടിച്ചേർത്തു.
തര്‍ക്കങ്ങളും അഭ്യൂഹങ്ങളും തീര്‍ന്നു: ലിസ്റ്റിൻ നിര്‍മ്മിക്കുന്ന ‘ബേബി ഗേള്‍’ സെറ്റില്‍ നിവിന്‍ പോളി
ലിസ്റ്റിൻ സ്റ്റിഫന്റെ മാജിക് ഫ്രൈംസ് നിര്‍മ്മിക്കുന്ന ബേബി ഗേളിന്റെ സെക്കന്റ് ഷെഡ്യൂളിൽ ജോയിൻ ചെയ്ത് നടന് നിവിൻ പോളി. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ വർമ്മയാണ്. നിര്‍മ്മാതാക്കള്‍ തന്നെയാണ് വൈക്കത്ത് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിവിന്‍ പോളി എത്തുന്ന വീഡിയോ പുറത്തുവിട്ടിരുന്നത്.
നേരത്തെ പ്രിന്‍സ് ആന്റ് ഫാമിലി എന്ന ചിത്രത്തിന്റെ ചടങ്ങിനിടെ ലിസ്റ്റിൻ നടത്തിയ പരാമര്‍ശം നിവിനെ ഉദ്ദേശിച്ചാണ് എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്റെ ആദ്യ ആരോപണം. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും പറഞ്ഞിരുന്നു. പിന്നാലെ ലിസ്റ്റിനെതിരെ ആരോപണവുമായി നിര്‍മ്മാതാവ് സാന്ദ്ര തോമസ് രംഗത്തെത്തിയിരുന്നു. മലയാള സിനിമ ലിസ്റ്റിന്റെ കയ്യിലാകണമെന്ന് കള്ളപ്പണ ലോബിക്ക് താല്പര്യമുണ്ട് എന്നതായിരുന്നു സാന്ദ്ര ഉയര്‍ത്തിയ ആരോപണങ്ങളുടെ ഉള്ളടക്കം. എന്നാല്‍ താന്‍ ഒരു താരത്തിന്റെയും പേര് പറഞ്ഞിട്ടില്ലെന്നും തനിക്കെതിരെ നടക്കുന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണമാണെന്നുമായിരുന്നു ലിസ്റ്റിന് സ്റ്റീഫന്റെ പിന്നീടുള്ള പ്രതികരണം.
അതേസമയം കൊട്ടാരക്കര ക്ഷേത്രോത്സവ വേദിയില്‍ നിവിന്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഈ വിവാദത്തിനുള്ള മറുപടി എന്ന പേരിലും വ്യാഖ്യാനിക്കപ്പെട്ടിരുന്നു. സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ നാം കണ്ടുമുട്ടാറുണ്ടെന്ന് നിവിന്‍ പോളി അന്ന് പറഞ്ഞത്. ബേബി ഗേള്‍ ചിത്രത്തില്‍ നിന്നും നിവിന്‍ പോളി ഒരു ദിവസത്തെ ഷൂട്ടിന് ശേഷം പോയെന്നും അതാണ് ലിസ്റ്റിനെ പ്രകോപിപ്പിച്ചത് എന്നും മറ്റും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു പ്രശ്നം ഇല്ലെന്നാണ് സംവിധായകന് അരുൺ വർമ്മ ചില മാധ്യമങ്ങളോട് പറഞ്ഞത്. അതിനിടയിലാണ് നിവിന്‍ വീണ്ടും ചിത്രത്തില്‍ ജോയിന്‍ ചെയ്തത്.
ആദ്യ ദിവസത്തെ കളക്ഷന്റെ ഇരട്ടി, തുടരും തമിഴിനും ഞെട്ടിക്കുന്ന കുതിപ്പ്
മോഹൻലാല്‍ നായകനായി എത്തിയ തുടരും സിനിമ വൻ ഹിറ്റായിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 2018നെ വീഴ്ത്തി തുടരും കേരള ബോക്സ് ഓഫീസില്‍ ഇൻഡസ്ട്രി ഹിറ്റായിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രമായി 89 കോടി രൂപയിലധികം നേടിയാണ് ഇൻഡസ്ട്രി ഹിറ്റായിരിക്കുന്നത്. തുടരും ആഗോളതലത്തില്‍ ഏകദേശം 170 കോടിയിലേറെ നേടിയിട്ടുണ്ട്. വലിയ പ്രചരണ കോലാഹലങ്ങളില്ലാതെ എത്തിയ തുടരും കേരളത്തില്‍ എക്കാലത്തെയും കൂടുതല്‍ കളക്ഷൻ നേടിയത് ഇൻഡസ്ട്രിയെ ഞെട്ടിച്ചിരിക്കുകയാണ്, തുടരും ഇൻഡസ്ട്രി ഹിറ്റായത് ആശിര്‍വാദ് സിനിമാസും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തൊടരും എന്ന പേരില്‍ മോഹൻലാല്‍ ചിത്രം തമിഴിലും എത്തിയിരുന്നു. വളരെ കുറഞ്ഞ റിലീസ് മാത്രമായിട്ടും ചിത്രം ഒന്നാം ദിനം 32 ലക്ഷവും രണ്ടാം ദിനം 60 ലക്ഷവും നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്
കെ ആര് സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്മുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോള്‍ ഫര്ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.
സുരേഷ് ഗോപിയുടെ ഇടപെടൽ; ദില്ലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് സ്പെഷ്യൽ ട്രെയിൻ
തിരുവനന്തപുരം: ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ദില്ലിയിലെത്തിയ മലയാളികൾക്ക് യാത്ര സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവേ. ദില്ലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് യാത്ര സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ദില്ലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് വേണ്ടി നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചെന്ന് സുരേഷ് ഗോപി അറിയിച്ചു.
നിസാമുദ്ദീനിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇന്ന് (11/05/2025) ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിനിലെ (ട്രെയിൻ നമ്പർ:04440) സ്ലീപ്പർ ക്ലാസിൽ ബെർത്തുകൾ ഒഴിവുണ്ട്. നാട്ടിലേക്ക് യാത്ര സൗകര്യം ലഭിക്കാത്ത മലയാളികൾക്ക് ഇത് ഉപയോഗപ്പെടുത്താം.
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ജമ്മു, ശ്രീനഗർ, ബാരാമുള്ള, പഞ്ചാബ്, ജലന്ദർ, ചണ്ഡീഘട്ടിൽ നിന്നും മറ്റും ഡൽഹിയിൽ എത്തി കുടുങ്ങി കിടക്കുന്ന വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികൾ കേരളത്തിൽ എത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ എന്റെ ഓഫീസുമായി ബന്ധപ്പെടുകയും സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നാവശ്യപെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഞാന്‍ കത്ത് നൽകിയിരുന്നു. അതിനു പരിഹാരമായി ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ എത്താൻ വേണ്ടി Special Train അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കി റെയിൽവേ മന്ത്രാലയം.
നടൻ ആൻസൺ പോൾ വിവാഹിതനായി; ചടങ്ങ് സിംപിളായി റജിസ്റ്റർ ഓഫിസിൽ
മലയാള സിനിമാ താരം ആൻസൺ പോൾ വിവാഹിതനായി. തിരുവല്ല സ്വദേശി നിധി ആൻ ആണ് വധു. ആഡംബരം ഒട്ടും ഇല്ലാതെ തൃപ്പൂണിത്തുറ റജിസ്റ്റർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
യുകെയിൽ സ്ഥിര താമസമായിരുന്ന നിധി ഇപ്പോൾ നാട്ടിൽ സ്വന്തമായി ബിസിനസ്സ് നടത്തി വരികയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസവും ലളിതമായി ആഘോഷിച്ചതിൽ നടനെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്. ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ആന്‍സൺ വേഷം കൈകാര്യം ചെയ്തിരുന്നു
2013ൽ കെക്യു എന്ന മലയാള സിനിമയിൽ നായകനായിക്കൊണ്ടാണ് ആൻസൺ സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. 2015ൽ സു സു സുധി വാത്മീകം എന്ന സിനിമയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. 2016ൽ റെമോയിലൂടെ തമിഴ് സിനിമയിലും അരങ്ങേറി. എബ്രഹാമിന്റെ സന്തതികൾ, ആട് 2, സോളോ, റാഹേൽ മകൻ കോര തുടങ്ങി നിരവധി ചിത്രങ്ങളിൽ ശക്തമായ വേഷത്തിലെത്തി.
‘ഇനി നമ്മെ രക്ഷിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ’; പാർലമെന്റ് സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് പാക് എംപി
ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പാർലമെന്റ് സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് പാകിസ്ഥാൻ എംപി താഹിർ ഇഖ്ബാൽ. ദൈവം പാകിസ്ഥാനെ രക്ഷിക്കട്ടെ എന്ന് പറഞ്ഞായിരുന്നു പൊട്ടിക്കരച്ചിൽ. പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ, ദൈവം രക്ഷിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു കരച്ചിൽ.
നേരത്തെ സൈനികുദ്യോഗസ്ഥനായിരുന്നു താഹിർ ഇഖ്ബാൽ. പിന്നീട് രാഷ്ട്രീയത്തിലേക്ക് വരികയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടും എന്നതിനെ സംബന്ധിച്ച് പാകിസ്ഥാൻ ആശങ്കാകുലരാണ്. ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാൻ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. ഇന്ത്യൻ നീക്കത്തിൽ പതറിയിരിക്കുകയാണ് പാകിസ്ഥാൻ. മാത്രമല്ല പാകിസ്ഥാന്റെ തിരിച്ചടി ശ്രമങ്ങളെല്ലാം ഇന്ത്യ വേരോടെ പിഴുതുകളയുന്ന സാഹചര്യമാണ് നിലവിൽ.
ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും പാകിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായിരുന്നു. എന്നാൽ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. തുടർന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി. ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളെ തകർത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണ നീക്കം ഉണ്ടായത്
പാകിസ്ഥാന്റെ തീവ്ര നീക്കങ്ങളിൽ താത്പര്യമില്ലാത്ത സാധാരണ ജനങ്ങളുണ്ടെന്നും അവർ നിലവിൽ പാകിസ്ഥാന്റെ പല നിലപാടിനോടും വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.
പഞ്ചനക്ഷ ഹോട്ടലിൽ പ്രശ്നമുണ്ടാക്കി നടന് വിനായകന്; ഒടുവിൽ പോലീസെത്തി കസ്റ്റഡിയിലെടുത്തു
കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലിൽ കയറി ബഹളം വച്ചും പ്രശ്നമുണ്ടാക്കിയും നടന് വിനായകന്. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. പഞ്ചനക്ഷത്ര ഹോട്ടലില്‍ കയറി പ്രശ്നം ഉണ്ടാക്കിയതോടെ പൊലീസിനെ വിളിക്കുകയായിരുന്നു.
പലപ്പോഴും വിനായകൻ വിവാദങ്ങളിൽ അകപ്പെടാറുണ്ട്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് വസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിച്ച വിനായകന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നു, മുൻപ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽ ഇൻഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്നു തടഞ്ഞുവച്ചതിന്, എയർപോർട്ടിലെ തറയിൽ ഷർട്ടിടാതെ ഇരുന്ന് ജീവനക്കാരോട് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സിഐഎസ്എഫ് സുരക്ഷാ സംഘം വിനായകനെ കസ്റ്റഡിയിലെടുത്ത് എയർപോർട്ട് പൊലീസിനു കൈമാറുകയും ചെയ്തു.
കേരളത്തിൽ വീണ്ടും നിപ! സ്ഥിരീകരിച്ചത് 42-കാരിക്ക്
കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു.മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതി നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.രോഗത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ഇത് വരെ ലഭിച്ചിട്ടില്ല. നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി യുവതി ചികിത്സയിലായിരുന്നു
നിപ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മൈക്രോബയോളജി ലാബിലും പൂനെ എൻഐവി ലാബിലും നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്
സുരക്ഷാ മുൻകരുതൽ; രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു; 430 വിമാനസര്‍വീസുകള്‍ റദ്ദാക്കി
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രതാ നിർദേശം. സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിട്ടു. മെയ് 10 വരെയായിരിക്കും ഇത് ബാധകമാവുക. ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുണ്ട്ര, ജാംനഗർ, രാജ്കോട്ട്, ഭുണ്ഡ്ലി, പ്ളോർജ്ല എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്.
സുരക്ഷാ മുൻകരുതലിന്റെ പശ്ചാത്തലത്തിൽ ഇന്നലെ 250ഓളം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ജമ്മു കശ്മീർ മേഖലയിലും സുരക്ഷാ മുൻകരുതലിന്റെ പശ്ചാത്തലത്തിൽ പത്തോളം വിമാനത്താവളങ്ങൾ അടച്ചിട്ടുണ്ട്. പാകിസ്താന്റെ പ്രത്യാക്രമണം ഉണ്ടാകുമെന്ന സാഹചര്യത്തിൽ രാജ്യാന്തര അതിര്‍ത്തിയില്‍ ബിഎസ്എഫ് അതീവ ജാഗ്രതയിലാണ്.
ഈ സ്ഥലങ്ങളിലേക്ക് വിമാന യാത്രകൾ ബുക്ക് ചെയ്തിരിക്കുന്നവർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണെമെന്ന് വിവിധ വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്. കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള വ്യോമമേഖലയിലും പാകിസ്താന് വ്യോമമേഖലയിലും വ്യാഴാഴ്ച സിവിലിയന്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ആഗോള വിമാന ട്രാക്കിങ് പ്ലാറ്റ്ഫോമായ ഫ്ളൈറ്റ് റഡാര്‍ 24 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തെ 250 വിമാനസര്‍വീസുകള്‍ വ്യാഴാഴ്ച റദ്ദാക്കിയിരുന്നു. അതേസമയം ഇന്ത്യ- പാക് സംഘര്‍ഷ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉൾപ്പടെ അവധിയാണ്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്