വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായിരുന്നു മഹാരാജ. നടന്റെ അസാധ്യ പെർഫോമൻസും പകരം വയ്ക്കാനില്ലാത്ത തിരക്കഥയും സംവിധായകന്റെ കയ്യടക്കവും കൂടിയായപ്പോൾ മഹാരാജ എന്ന സസ്പെൻസ് ത്രില്ലർ തമിഴ്നാട്ടിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും വിജയം കൊയ്യുകയായിരുന്നു.
ഇപ്പോൾ ചൈന ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണം നേടി ട്രെൻഡിങ് ആവുകയാണ് എന്ന വിവരമാണ് പുറത്തുവരുന്നത്. നവംബർ 29 നായിരുന്നു സിനിമ ചൈനയിൽ പ്രദർശനം ആരംഭിച്ചത്. ഇതിനകംചിത്രം 19.19 കോടി കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. മാത്രവുമല്ല ചിത്രത്തിന്റെ അപ്രതീക്ഷിത ട്വിസ്റ്റ് സിനിമാപ്രേമികളെ വളരെയധികം ആകർഷിച്ചുവെന്ന വാർത്തയുമാണ് പുറത്തുവരുന്നത്.
നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതിക്ക് പുറമെ അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരോടൊപ്പം അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.