മുംബൈ∙ വിദ്യാർഥിയെ മർദിക്കുന്ന പാക്ക് ഗായകന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ രൂക്ഷവിമർശനവുമായി ഗായിക ചിന്മയി.
ശ്രീപദ. പാക്കിസ്ഥാനി ഗായകനായ റാഹത്ത് ഫത്തേഹ് അലിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. തന്റെ വിദ്യാർഥിയെ റാഹത്ത് അലി ഷൂസ് കൊണ്ട് അടിക്കുന്നതാണ് വിഡിയോയിലുള്ളത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് പ്രതികരണവുമായി ചിന്മയിയും രംഗത്തെത്തിയത്.
‘‘അദ്ദേഹം പറയുന്ന ന്യായീകരണം, വിദ്യാർഥി നന്നായി ചെയ്യുമ്പോൾ അധ്യാപകൻ സ്നേഹം ചൊരിയുമെന്നും തെറ്റു ചെയ്താൽ ശിക്ഷ കഠിനമായിരിക്കുമെന്നുമാണ്. ഗുരുക്കൾ അവരുടെ സ്ഥാനത്തിന്റെ മഹത്വം മൂലമാണ് സംരക്ഷിക്കപ്പെടുന്നത്, അല്ലാതെ അവർ ആചരിക്കുന്ന വിശ്വാസം/മതം എന്നിവ നോക്കിയല്ല. കലാവൈഭവം ഉള്ളതുകൊണ്ട് ലൈംഗിക ദുരുപയോഗം വരെയുള്ള ഒരാളുടെ തെറ്റുകൾ ക്ഷമിക്കുന്നത് അവസാനിപ്പിക്കണം.’’– ചിന്മയി കുറിച്ചു. ഗായകന്റെ പ്രവൃത്തി ‘ഭീകരം’ ആണെന്നും ചിന്മയി പറഞ്ഞു.
കാണാതായ ‘കുപ്പി’യുടെ പേരിലാണ് റാഹത്ത് ഫത്തേഹ് അലി, തന്റെ ജീവനക്കാരൻ കൂടിയായ വിദ്യാർഥിയെ അടിച്ചത്. വിഡിയോ വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് റാഹത്ത് രംഗത്തെത്തി. ‘ഒരു അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള വ്യക്തിപരമായ കാര്യമാണ്’ ഇതെന്നായിരുന്നു റാഹത്തിന്റെ വിശദീകരണം. സംഭവത്തിനുശേഷം ഉടൻ തന്നെ താൻ ക്ഷമാപണം നടത്തിയിരുന്നെന്നും റാഹത്ത് അറിയിച്ചു.
നവീദ് ഹസ്നൈൻ എന്നയാളെയാണ് റാഹത്ത് മർദിച്ചത്. ‘വിശുദ്ധ വെള്ളം’ അടങ്ങിയ കുപ്പി താൻ മാറ്റി വച്ചതിനാലാണ് അധ്യാപകൻ ഇങ്ങനെ പെരുമാറിയതെന്നും ഇതിന്റെ പേരിൽ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തരുതെന്നും നവീദ് അറിയിച്ചു.