പാലക്കാട്: കേരളത്തിലെ അണുകുടംബം വ്യവസ്ഥിതി അനുദിനം പ്രശ്‌നങ്ങളുടെയും മരണങ്ങളുടെയും ഈറ്റില്ലമാകുന്നു. കുടുംബവഴിക്കില്‍ ഇത്തരത്തില്‍ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. കുടുംബവഴക്കിനെ തുടര്‍ന്ന് മിനിറ്റുകളുടെ വ്യത്യാസത്തില്‍ കുഞ്ഞിന്റെ തൊട്ടില്‍ കയറില്‍ ജീവനൊടുക്കി ദമ്പതികള്‍. കഞ്ചിക്കോട് എലപ്പുള്ളി പി കെ ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് സംഭവം.
വഴക്കിനെ തുടര്‍ന്ന് മനുപ്രസാദ് പുറത്തുപോയ സമയത്ത് ദൃശ്യ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ദൃശ്യ തൂങ്ങിമരിച്ചത് കണ്ട് മനുപ്രസാദ് കുഞ്ഞിനെയുമെടുത്ത് നിലവിളിച്ച് താഴേക്ക് വരികയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് ആളുകള്‍ എത്തി മൃതദേഹം താഴെയിറക്കുന്നതിനിടെ അകത്തു കയറി വാതിലടച്ച് മനുപ്രസാദും അതേ തൊട്ടില്‍ കയറില്‍ തന്നെ ജീവനൊടുക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.
ആദ്യം ദൃശ്യയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹം താഴെയിറക്കി ആംബുലന്‍സിനായി കാത്തിരിക്കുന്നതിനിടെയാണ് മനുപ്രസാദും ഇതേ കയറില്‍ തൂങ്ങിയത്. നേതാജി നഗറിലെ വാടകവീട്ടിലാണ് ദമ്പതികള്‍ മകളോടൊത്ത് താമസിച്ചിരുന്നത്. ഫയര്‍ഫോഴ്സ് എത്തി അകത്തുകടന്നാണ് മനുപ്രസാദിനെ പുറത്തെത്തിച്ചത്. ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വര്‍ക് ഷോപ് ജോലിക്കാരനാണ് മനുപ്രസാദ്.