പാലക്കാട്: രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 21 ലക്ഷം രൂപ പിടികൂടി. യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസിൽ റിസർവേഷൻ കമ്പാർട്ട്മെന്റ്ൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 21 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സോലാപൂർ സ്വദേശി പാണ്ടുരംഗ് 22 വയസ്സ് എന്നയാളെ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
കുഴൽ പണം കട ത്തുന്നതിനായി പ്രത്യേകം ഡിസൈൻ ചെയ്ത തുണി കൊണ്ടുള്ള കോട്ടിൽ 500 രൂപയുടെ നോട്ടുകൾ ആയി നിറച്ച് ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഈ പണം കൊണ്ട് പോകുന്നതിന് യാതൊരുവിധ രേഖയും കയ്യിൽ ഉണ്ടായിരുന്നില്ല.
പിടിച്ചെടുത്ത 21 ലക്ഷം രൂപയും പ്രതിയേയും തുടരന്വേഷണത്തിന് ആയി പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിങ്ങിന് കൈമാറി. ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി. രാജിന്റെ നിർദ്ദേശപ്രകാരം സിഐ എന്‍. കേശവദാസ്, എസ് ഐ ദീപക്.എ പി, എഎസ്ഐ സജി അഗസ്റ്റിൻ, കോൺസ്റ്റബിൾ മാരായ വി. സവിൻ, എന്‍ അശോക് എന്നിവരായിരുന്നു പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.