വൈപ്പിൻ∙ സൗന്ദര്യവൽക്കരണത്തിനായി ലക്ഷങ്ങൾ ചെലവിട്ടതിനു ശേഷവും ശേഷവും കോലം കെട്ട് പള്ളിപ്പുറം കോട്ട. ആകെ പായൽ പിടിച്ചും ചുവരുകളിലെ വിടവുകളിൽ ചെറു വൃക്ഷങ്ങൾ വളർന്നും വികൃതമായ അവസ്ഥയിലാണ് കോട്ട . ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ യൂറോപ്യൻ ചരിത്ര സ്‌മാരകമായ ഈ പോർച്ചുഗീസ് കോട്ട 1503ലാണ് പണിതത്. ശർക്കരയും കുമ്മായവും കൂട്ടിച്ചേർത്തുണ്ടാക്കുന്ന സുർക്കി മിശ്രിതമാണ് കല്ലുകൾ കെട്ടിപ്പൊക്കാനും പുറംതേക്കാനും ഉപയോഗിച്ചിരിക്കുന്നതെന്ന് ചരിത്രം പറയുന്നു.
നിർമാണത്തിലെ മികവും മൂലം ഇത്രയും കാലം വെയിലിനേയും മഴയേയും അതിജീവിച്ചുവെങ്കിലും ഭിത്തികളും മറ്റും ദുർബലമായി തുടങ്ങിയ സാഹചര്യത്തിൽ പഴയതു പോലെ പ്രകൃതിയുടെ മാറ്റങ്ങളെ പ്രതിരോധിക്കാൻ കോട്ടയ്‌ക്ക് കഴിയില്ലെന്ന് മനസ്സിലായതോടെയാണ് ഏതാനും വർഷം മുൻപ് നവീകരണം നടത്തിയത്. അതിനായി 40 ലക്ഷത്തിലേറെ രൂപയാണ് ചെലവിട്ടത്. എന്നാൽ പിന്നീട് തുടർ പരിപാലന നടപടികളൊന്നും ഉണ്ടാകാതിരുന്നതോടെ കോട്ട പഴയ അവസ്ഥയിലായി.
സംസ്‌ഥാനപാതയിൽ നിന്ന് കോട്ടയിലേക്കുള്ള വഴി ടൈൽ വിരിച്ച് മനോഹരമാക്കിയിട്ടുണ്ടെങ്കിലും കോട്ട സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ അനിശ്‌ചിതമായി നീളുകയാണ്. കോട്ടയുടെ ഭിത്തികളിൽ , ബലക്ഷയമുണ്ടാക്കുന്ന രീതിയിൽ വളർന്നു നിന്നിരുന്ന ചെറു വൃക്ഷങ്ങളുടെ വേരുകൾ നീക്കം ചെയ്‌തിരുന്നുവെങ്കിലും മറ്റു സംരക്ഷണ നടപടികളൊന്നും സ്വീകരിക്കാത്തതിനാൽ ഇപ്പോൾ വീണ്ടും കാടുപിടിച്ചിരിക്കുകയാണ്.