
ആഗോള വിപണിയിലേക്ക് ഏറ്റവും കൂടുതൽ പാമോയിൽ വരുന്നത് ഇന്തോനേഷ്യയിൽ നിന്നാണ്. പാമോയിൽ കയറ്റുമതിയിൽ ഇന്തോനേഷ്യ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു എന്നറിയിച്ചതോടെയാണ് വിപണിയിൽ പാമോയിൽ വില കുതിച്ചുയരുന്നു. ജൂലൈ ഡെലിവറിക്കുള്ള പാം ഓയിൽ 320 റിംഗിറ്റ് അഥവാ 5.82% ഉയർന്ന് ഒരു ടണ്ണിന് 6,725 റിംഗിറ്റ് എന്ന വിലയിലേക്കെത്തി. അതായത് ഒരു ടണ്ണിന് 118,631.6693 രൂപയിലെത്തി. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും കൂടുതൽ ചെലവേറിയ സോയാബീൻ, സണ്‍ഫ്ളവര്‍ ഓയില്‍ എന്നിവയ്‌ക്ക് പകരം താരതമ്യേന വില കുറഞ്ഞ പാമോയിൽ ആണ്ഉപയോഗിക്കുന്നത്. ഓരോ വർഷവും 13 മുതൽ 13.5 ദശലക്ഷം ടൺ ഭക്ഷ്യഎണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതിൽ എട്ട് മുതൽ എട്ടര ദശലക്ഷം ടൺ വരെ പാമോയിലാണ് ഇറക്കുമതി ചെയ്യുന്നത്. കേക്കുകൾ മുതൽ സൗന്ദര്യവർദ്ധക വസ്തുക്കൾ വരെയുള്ള ഉൽപ്പന്നങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പാമോയിലിന്റെ വില വര്‍ധിക്കുന്നതോടുകൂടി ആഗോളതലത്തിൽ ഇതിനോട് അനുബന്ധമായിട്ടുള്ള എല്ലാ ഉത്പന്നങ്ങളുടെയും വില വര്‍ധിക്കും.