പെരുമ്പിലാവ്: എഴുന്നള്ളിക്കാൻ ആനയെ എത്തിക്കാനാവശ്യപ്പെട്ടപ്പോൾ സംഘാടകർ ഇങ്ങനെയൊരു എഴുന്നള്ളിപ്പിനെപ്പറ്റി സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല. പൊറവൂർ ശിവ ക്ഷേത്രത്തിലെ ശിവരാത്രിക്ക് ആനയ്ക്കൊപ്പം പാപ്പാനെയും എഴുന്നള്ളിക്കേണ്ട ചുമതല നാട്ടുകാർക്ക് ഏറ്റെടുക്കേണ്ടി വന്നു.
‘മിനുങ്ങിയ’ പാപ്പനെക്കൊണ്ട് ഗതികെട്ട് രാത്രി നടത്തേണ്ട എഴുന്നള്ളിപ്പ് വേണ്ടെന്ന് വെയ്ക്കേണ്ടിയും വന്നു. പൊറവൂർ ശിവരാത്രി എഴുന്നള്ളിപ്പിനെത്തിയ ആനയുടെ പാപ്പാനാണ് മദ്യലഹരിയിൽ ആനയ്ക്കൊപ്പമെത്തിയത്. കൂടെയുള്ള പാപ്പാനും നാട്ടുകാരും ചേർന്ന് ഒന്നാം പാപ്പാനെ താങ്ങി നടന്നാണ് എഴുന്നള്ളിപ്പ് പൂർത്തിയാക്കിയത്.
പാതാക്കര ദേശം ശിവരാത്രി ആഘോഷ കമ്മിറ്റിക്കായി ഗുരുവായൂർ ദേവസ്വം ഗജേന്ദ്ര എന്ന ആനയുടെ ഒന്നാം പാപ്പാനായ ഉണ്ണികൃഷ്ണനാണ് (മോഹനൻ) മദ്യപിച്ച് ആനയെ എഴുന്നള്ളിച്ചത്. കുണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നുമാണ് എഴുന്നള്ളിപ്പാരംഭിച്ചത്.
എഴുന്നള്ളിപ്പ് തുടങ്ങി പാതാക്കര സെന്ററിൽ എത്തിയതോടെ പാപ്പാന് നിൽക്കാനോ നടക്കാനോ വയ്യാത്ത സ്‌ഥിതിയായി. ശിവക്ഷേത്രത്തിലെത്തിയതോടെ ഒന്നാം പാപ്പാനെ കസേരയിട്ട് ഇരുത്തി എഴുന്നള്ളിപ്പ് പൂർത്തിയാക്കി. ഇതിനിടെ കമ്മിറ്റിക്കാർ എഴുന്നള്ളിപ്പ് നിർത്തിവയ്ക്കുന്നതിനെപ്പറ്റിയും ആലോചിച്ചു. സംഘാടകർ അറിയിച്ചതിനെ തുടർന്ന് ദേവസ്വത്തിൽനിന്ന് കൂടുതൽ പാപ്പാൻമാരും സ്ക്വാഡും എത്തിയിരുന്നു.