Spread the love

ഷിംല :‘പപ്പാ, നമ്മളും മരിക്കുമോ? നമ്മുടെ വീടും തകരുമോ?’– മഴക്കെടുതിയിൽ തകർന്ന ഹിമാചൽ പ്രദേശിലെ ഷിംലയിൽ ആറു വയസ്സുകാരി പേടിയോടെ അച്ഛനോടു ചോദിച്ചു.

സ്വതന്ത്ര്യദിനത്തിലെ മഴക്കെടുതിയുടെ നേരനുഭവം വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ടർ ഭാനു ലോഹുമിയാണു വിവരിച്ചത്.
‘‘വൻ ശബ്ദം കേട്ടതോടെ ഞങ്ങളെല്ലാവരും വീട്ടിൽനിന്നു പുറത്തേക്ക് ഓടിയിറങ്ങി. മറ്റിടങ്ങളിൽനിന്നും ഇതുപോലെ നിലവിളികൾ കേട്ടു. നിരവധി ബഹുനില കെട്ടിടങ്ങളും വീടുകളും മണ്ണിനടിയിലായി. കഴിഞ്ഞ ദിവസങ്ങളിലെ ഉരുൾപൊട്ടലിനെ തുടർന്നു മകൾ ഏറെ അസ്വസ്ഥയായിരുന്നു. അവളുടെ സ്കൂളിൽ നഴ്സറിയിലും രണ്ടാം ക്ലാസിലും പഠിക്കുന്ന ഓരോ കുട്ടികൾ തിങ്കളാഴ്ചത്തെ ഉരുൾപൊട്ടലിൽ മരിച്ചതാണ് സങ്കടപ്പെടുത്തിയത്.
കൺമുന്നിൽ വീടുകൾ തകർന്നടിയുന്നത് ഹൃദയഭേദകമായിരുന്നു. പപ്പാ, നമ്മളും മരിക്കുമോ? നമ്മുടെ വീടും തകരുമോ? എന്നാണ് മകൾ ചോദിച്ചത്. ഉരുൾപൊട്ടലിനുശേഷം ഇവിടെ വീടുകളുടെ സ്ഥലത്തു ഒന്നുമില്ലായിരുന്നു. വീടുകൾ നഷ്ടപ്പെട്ടവരുടെ നിലവിളി അവിടെ മുഴങ്ങി. ചെരിപ്പിടാതെ ഓടിയെത്തിയ സ്ത്രീ അവരുടെ ഭർത്താവിനെ തിരയുന്നുണ്ട്. വീടിനു താഴെയുണ്ടായിരുന്ന കശാപ്പുശാലയിലെ ജീവനക്കാരൻ അയാളുടെ മാനേജരെ തിരഞ്ഞു.

‘എനിക്കൊരു കൈ കാണാം’ എന്ന് അയാൾ പറഞ്ഞതുകേട്ട് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. സമീപപ്രദേശത്തെ വീടുകളിലുള്ളവർ കയ്യിൽ കിട്ടിയതു വാരിയെടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയാണ്. ചെറിയ ബാഗ് തോളിലിട്ടു കരഞ്ഞുകൊണ്ട് പെൺകുട്ടി നടന്നുപോകുന്നതു കണ്ടു. പ്രായമായ അമ്മയെ ചുമലിലേറ്റി യുവാവ് നടക്കുന്നു. ഈ റിപ്പോർട്ട് തയാറാക്കാൻ ഞാനും അവിടെനിന്നു പോന്നിരിക്കുകയാണ്.എന്റെ ഓഫിസിലും വീട്ടിലും വൈദ്യുതിയില്ല. ഷിംലയിലും പരിസര പ്രദേശങ്ങളിലും രണ്ടു ദിവസമായി ഇതുതന്നെയാണ് അവസ്ഥ. ഫോണിലാണ് ഞാൻ ഇതെല്ലാം ടൈപ്പ് ചെയ്തത്. ഫോൺ ചാർജ് ചെയ്യുന്നതു കാറിൽനിന്നാണ്. മണ്ണിനടിയിൽനിന്ന് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ഇതിലൊരെണ്ണം അംഗഭംഗം വന്നതായിരുന്നു.’’– റിപ്പോർട്ടർ വിശദീകരിച്ചു. ഷിംലയിലെ 30 പേരുൾപ്പെടെ എഴുപതിലേറെ ആളുകളാണു ഹിമാചലിൽ മഴക്കെടുതിയിൽ മരിച്ചത്.

Leave a Reply