പരീക്ഷകള്‍ ഹൈബ്രിഡ് (ഓണ്‍ലൈനായും ഓഫ്‌ലൈനായും) മോഡില്‍ നടത്താന്‍ സിബിഎസ്ഇയ്ക്ക് നിര്‍ദ്ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് എണ്ണായിരത്തോളം രക്ഷിതാക്കള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചു. ഒമിക്രോണ്‍ ആശങ്കകള്‍ക്കിടയില്‍ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്നതില്‍ ആശങ്കയറിയിച്ച് ആണ് കത്തയച്ചത്. നിലവിലെ ബോര്‍ഡ് പരീക്ഷകള്‍ എഴുതാന്‍ ഓഫ്‌ലൈന്‍ മോഡിന് പുറമെ ഓണ്‍ലൈന്‍ മോഡും തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കണം എന്നാണ് രക്ഷകര്‍ത്താക്കളുടെ ആവശ്യം. കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്തുന്നത് മെഡിക്കല്‍ ദുരന്തത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണന്നാണ് രക്ഷിതാക്കള്‍ കത്തില്‍ പറയുന്നത്. ‘വിദ്യാര്‍ത്ഥികള്‍ പൂര്‍ണമായും ഇതുവരെ വാക്‌സിനേഷന്‍ എടുത്തു കഴിഞ്ഞിട്ടില്ല. വാക്‌സിൻ എടുത്തിട്ടും ഇവരില്‍ 3 ശതമാനം മുതല്‍ 4 ശതമാനം വരെ വൈറസ് പരിശോധനയില്‍ പോസിറ്റീവ് ആകുന്നുണ്ട്. ഉത്സവകാലത്ത് കോവിഡ് 19 വൈറസിന്റെ വ്യാപനം കൂടുതലായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, അതിനുശേഷം ഉടന്‍ പരീക്ഷകള്‍ നിശ്ചയിച്ച് ഓഫ്‌ലൈന്‍ മോഡില്‍ മാത്രം നടത്തുകയാണെങ്കില്‍ അത് ഒരു അതിവ്യാപനത്തിന് വഴി തെളിക്കും’ എന്നും രക്ഷകര്‍ത്താക്കള്‍ വിദ്യാഭ്യാസ മന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നു. സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണ്ണയം നടത്തുമ്പോള്‍ ജീവിക്കാനുള്ള അവകാശത്തിനും ആരോഗ്യത്തിനുമായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. ചില സംസ്ഥാനങ്ങള്‍ ഇപ്പോഴും റെഡ് സോണിന് കീഴിലാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ് അതിനാല്‍ ഇന്ത്യയിലുടനീളം ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്തുന്നത് നിലവിലുള്ള കോവിഡ് പ്രോട്ടോക്കോളുകളുടെ ലംഘനത്തിലേക്ക് നയിക്കും’ എന്നും രക്ഷകര്‍ത്താക്കള്‍ കത്തിലൂടെ ചൂണ്ടികാട്ടുന്നു.