ക്ലബ് ഹൗസ് പോലുള്ള ആപ്പ്ളിക്കേഷനുകൾ കുട്ടികൾ ഉപയോഗിക്കുന്നില്ല എന്ന് രക്ഷകർത്താക്കൾ ഉറപ്പു വരുത്തുക: കേരള പോലീസ്.
ക്ലബ് ഹൗസ് പോലുള്ള പുത്തൻ തലമുറ സമൂഹ മാധ്യമ ആപ്പ്ളിക്കേഷനുകൾ വഴി കുട്ടികളെ വലയിലാക്കുന്ന സംഘങ്ങൾ സജീവമാകുന്നുണ്ട്. ശബ്ദ സന്ദേശങ്ങൾ മാത്രം അയക്കാൻ കഴിയുന്ന ഇത്തരം ആപ്പുകൾ നിസാരന്മാരല്ല. ആയിരക്കണക്കിനു ആൾക്കാരെ ഒരേസമയം ഉൾപ്പെടുത്തി ഗ്രൂപ്പുകൾ നിർമിക്കാൻ ഈ ആപ്പുകൾക്കു കഴിയും. കുട്ടികളുടെ പേരുകൾ ഉപയോഗിച്ച് വ്യാജമായി നിർമിച്ചിരിക്കുന്ന പല ചാറ്റ് റൂമുകളിലും നടക്കുന്ന ശബ്ദ സംഭാഷണങ്ങൾ വാക്കുകളിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവയാണ്. കുട്ടികളെ ഇത്തരം ചാറ്റ് റൂമുകളിലേക്ക് ആകർഷിച്ചു അവരെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുക വരെ ചെയ്യുന്നുണ്ട്. മിക്കപ്പോഴും രക്ഷകർത്താക്കളുടെ ഫോണിൽ നിന്നുമാണ് ഇത്തരം ആപ്പുകളിലേക്കു കുട്ടികൾ പ്രവേശിച്ചു തുടങ്ങുന്നത്. അതിനാൽ ഇത്തരത്തിലുള്ള ആപ്പുകൾ കുട്ടികൾ ഉപയോഗിക്കുന്നില്ല എന്ന് രക്ഷിതാക്കൾ ഉറപ്പ് വരുത്തണം.