Spread the love


ഇന്ന് വീണ്ടും പാർലമെൻറ് സമ്മേളനം;പെഗസസ് ആളിക്കത്തിക്കാൻ പ്രതിപക്ഷം.


ന്യൂഡൽഹി : പെഗസസ് വിഷയത്തിൽ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് പാർലമെൻറ് ഇന്ന് വീണ്ടും ചേരുന്നത്. പെഗസസ് വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച വേണമെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ ആവശ്യം. അന്വേഷണം സാധ്യമല്ലെന്നും ഏത് വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്നുമാണ് സർക്കാരിൻറെ നിലപാട്. ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പെഗസസ് സംബന്ധിച്ച് ലോകസഭയിൽ പ്രസ്താവന നടത്തിയിരുന്നു. രാജ്യസഭയിൽ പ്രസ്താവന നടത്തുന്നതിനിടെ തൃണമൂൽ ശന്തനു സെൻ അംഗം കടലാസുകൾ കീറിയതിനു സസ്പെൻഷൻ ലഭിച്ചിരുന്നു.
ഇതേച്ചൊല്ലിയും ഇന്ന് പ്രതിഷേധം ഉയർത്തുമെന്ന് ഉറപ്പാണ്.
എന്നാൽ, വിവിധ നേതാക്കൾ പെഗസസ് വിഷയത്തിൽ ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്.17 പുതിയ ബില്ലുകൾ അടക്കം 29 ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കാനാണ് കേന്ദ്ര സർക്കാരിൻറെ ഉദ്ദേശം. കഴിഞ്ഞയാഴ്ച കോവിഡ് സംബന്ധിച്ച് രാജ്യസഭയിൽ നാലു മണിക്കൂർ ചർച്ച നടന്നതല്ലാതെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ലോക്സഭയിൽ ബഹളത്തിനിടെ ഉൾനാടൻ ജലഗതാഗത ബില്ലും ആയുധ ഫാക്ടറികളിൽ സമരം നിരോധിക്കുന്ന ബില്ലും അവതരിപ്പിച്ചെങ്കിലും ചർച്ച ഉണ്ടായില്ല.ബില്ലുകൾ പാർലമെന്ററി സമതിക്ക് വിടണമെന്നാണ് പ്രതിപക്ഷ ആവശ്യം.കഴിഞ്ഞ സഭയിലും പ്രതിപക്ഷത്തിന്റെ ആസാന്നിധ്യത്തിലായിരുന്നു വിവിധ ബില്ലുകൾ പാസാക്കിയത്. കൃഷി നിയമം, തൊഴിൽ നിയമം തുടങ്ങിയവ ഈ രീതിയിൽ പാസാക്കിയതിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയർത്തിയിരുന്നു. ഈ ആഴ്ച ഇരുസഭകളിലുമായി പത്തിലേറെ ബില്ലുകൾ അവതരിപ്പിക്കും. പ്രതിപക്ഷ നീക്കങ്ങൾക്കു ശക്തിപകരാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡൽഹിയിലെത്തിയിട്ടുണ്ട്.

Leave a Reply