Spread the love

കരിപ്പൂർ : ശക്തമായ മഴയിൽ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ പൂക്കുത്ത് ഭാഗത്ത് ഇടിഞ്ഞു. മഴവെള്ളത്തോടൊപ്പം ചെളിയും കല്ലും മറ്റും സമീപത്തെ വീടുകളിലേക്കും കൃഷിയിടത്തേക്കും ഒഴുകിയെത്തി പ്രദേശവാസികൾ പ്രയാസത്തിലായി. സമീപത്തു താമസിക്കുന്ന വീട്ടുകാരാണു പ്രയാസത്തിലായത്. സമീപത്തെ ക്ഷേത്രവളപ്പിലേക്കും വെള്ളം ഒഴുകിയെത്തി. റൺവേയിൽനിന്നു കുത്തിയൊലിച്ചെത്തുന്ന മഴവെള്ളം ചുറ്റുമതിൽ തകർത്ത് പരിസര പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നത് പതിവാണ്.

ഓരോ മഴക്കാലത്തും മതിൽ തകർന്ന് കല്ലും മണ്ണും വീടുകളുടെ മുറ്റത്തേക്കും കിണറുകളിലേക്കും എത്താറുണ്ട്. പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്ന ആവശ്യത്തിൽ നടപടിയുണ്ടാകുന്നില്ലെന്നു നാട്ടുകാർ കുറ്റപ്പെടുത്തി. പല ഭാഗത്തും ഏതുസമയത്തും മതിൽ ഇടിയുമെന്ന അവസ്ഥയാണെന്നും ഭീതിയിലാണു കഴിയുന്നതെന്നും പരിസരവാസികൾ പറഞ്ഞു. പ്രശ്നത്തിനു ശാശ്വത പരിഹാരം വേണമെന്നു സ്ഥലം സന്ദർശിച്ച പി.അബ്ദുൽ ഹമീദ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അബ്ബാസ് തുടങ്ങിയവർ ആവശ്യപ്പെട്ടു.

Leave a Reply