
പാതയോരങ്ങളിലെ കൊടി-തോരണങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. പാതയോരങ്ങളില്‍ അനുവാദമില്ലാതെ കൊടി-തോരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. പാതയോരങ്ങളിലെ കൊടിതോരണങ്ങള്‍സംബന്ധിച്ച് കൊച്ചി കോര്‍പ്പറേഷനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതിനടത്തിയത്. നിയമവിരുദ്ധമായി കൊടികള്‍ സ്ഥാപിച്ചത് ആരാണ് എന്നത് ഹൈക്കോടതിക്ക് വിഷയമല്ല. ആര് നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നിയമലംഘനങ്ങളുടെ നേരെ കോര്‍പറേഷന്‍ കണ്ണടച്ചത് എങ്ങനെയാണ്. നടപടിയെടുക്കാന്‍ പേടിയാണെങ്കില്‍ കോര്‍പറേഷന്‍ സെക്രട്ടറി തുറന്ന് പറയണം. പേടിയില്ലാത്ത ഉദ്യോഗസ്ഥര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. ചര്‍ച്ചയില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.