അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ആഞ്ഞടിച്ച് നടി പാര്‍വതി തിരുവോത്ത്. നാണമില്ലാത്ത, അറപ്പുളവാക്കുന്ന വിഡ്ഢിയെന്ന് പാര്‍വതി അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു. അല്‍പമെങ്കിലും നാണം വേണമെന്നും പാര്‍വതി പരിഹസിച്ചു. ട്വന്റി-ട്വന്റി മോഡലില്‍ അമ്മ നിര്‍മിക്കുന്ന ചിത്രത്തില്‍ ഭാവനയുണ്ടാകുമോ എന്നായിരുന്നു ചോദ്യം.
മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാനാവില്ല, രാജി വെച്ചവരും ഉണ്ടാവില്ലെന്നായിരുന്നു ഇടവേള ബാബുവിന്റെ മറുപടി. ദിലീപ് താരസംഘടനയ്ക്ക് വേണ്ടി നിര്‍മിച്ച ട്വന്റി 20യില്‍ ഭാവനയുണ്ടായിരുന്നു. ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല. ഇത്ര മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയുകയുള്ളു. ട്വന്റി 20യില്‍ നല്ല റോള്‍ ചെയ്തതാണ്. അതിപ്പോള്‍ മരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലല്ലോയെന്നും അതുപോലെയാണ് ഇതെന്നുമായിരുന്നു ഇടവേള ബാബു പ്രതികരിച്ചത്.
നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം സംബന്ധിച്ചും ഇടവേള ബാബു പ്രതികരിച്ചിരുന്നു. താന്‍ മൊഴി മാറ്റിയിട്ടില്ല. പോലീസ് എഴുതിച്ചേര്‍ത്ത കാര്യങ്ങള്‍ കോടതിയിയില്‍ തിരുത്തുക മാത്രമാണ് ചെയ്തതെന്നാണ് ഇടവേള ബാബു അവകാശപ്പെട്ടത്.