Spread the love
മൂന്നാറിലേക്ക് യാത്രക്കാരുടെ ഒഴുക്ക്: ഉപയോഗപ്പെടുത്താനാവാതെ കെഎസ്ആർടിസി; താമസസൗകര്യം വില്ലനായി

മലപ്പുറം: ക്രിസ്മസ് അവധിക്ക് സൂപ്പര്‍ഹിറ്റാവേണ്ട കെ.എസ്.ആര്‍.ടി.സിയുടെ മൂന്നാര്‍ ട്രിപ്പില്‍ വില്ലനായി താമസ സൗകര്യം. മലപ്പുറം,​ നിലമ്പൂര്‍,​ പെരിന്തല്‍മണ്ണ ഡിപ്പോകളില്‍ അന്വേഷണം വലിയതോതില്‍ കൂടിയിട്ടും മൂന്നാറില്‍ ആകെ 112 പേര്‍ക്കേ താമസ സൗകര്യമുള്ളൂ എന്നതിനാല്‍ പ്രയോജനപ്പെടുത്താനാവുന്നില്ല. മൂന്നാര്‍ സബ് ഡിപ്പോയിലെ ഏഴ് ബസുകളിലാണ് സ്ളീപ്പര്‍ കാബിനുകള്‍ ഒരുക്കിയിട്ടുള്ളത്. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടും ഇതില്‍ മാറ്റമുണ്ടായിട്ടില്ല. കൊവിഡിന് പിന്നാലെ വരുമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ മലപ്പുറത്തിന് താങ്ങായത് മൂന്നാര്‍ ട്രിപ്പായിരുന്നു.

സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ വരുമാന വളര്‍ച്ചയില്‍ മുന്നില്‍ മലപ്പുറമാണ്. മൂന്നാര്‍ ട്രിപ്പോടെ ലോക്ഡൗണിന് മുമ്പുണ്ടായിരുന്ന വരുമാനത്തിലേക്ക് ജില്ല എത്തിയിട്ടുണ്ട്. ഡിസംബറില്‍ 1.77 കോടി രൂപയാണ് കളക്‌ഷന്‍. സെപ്തംബറില്‍ 92.20 ലക്ഷം രൂപയായിരുന്നു വരുമാനം. ഒക്ടോബര്‍ 16ന് മൂന്നാര്‍ യാത്ര ആരംഭിച്ചതിന് ശേഷമിത് 1.06 കോടിയായി ഉയര്‍ന്നു. നവംബറിലെ ഒന്നരക്കോടി പിന്നിട്ട് ഡിസംബര്‍ മികച്ച കളക്‌ഷനേകി. ക്രിസ്മസ് അവധി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മികച്ച അവസരമായിട്ടും താമസൗകര്യത്തിന്റെ കുറവ് വിനയായി. പുതുവത്സരമാഘോഷിക്കാന്‍ കൊച്ചിയില്‍ ആഡംബര ക്രൂയിസ് ഒരുക്കിയുള്ള കെ.എസ്.ആര്‍.ടി.സി പാക്കേജില്‍ മലപ്പുറം ഡിപ്പോയില്‍ നിന്നുള്ള യാത്രയില്‍ 120 പേരാണ് പങ്കെടുത്തത്. 4499 രൂപയുടെ പാക്കേജില്‍ 1,​000 രൂപ കെ.എസ്.ആര്‍.ടി.സി ബസിന്റെ നിരക്കായിരുന്നു.

വരുമോ സ്കാനിയ..

എ.സി ലോ ഫ്‌ളോര്‍, സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് മൂന്നാര്‍ സ‌ര്‍വീസിന് ഉപയോഗിക്കുന്നത്. മികച്ച സൗകര്യങ്ങളുള്ള സ്കാനിയ ബസ് അനുവദിക്കാനുള്ള നടപടിക്കിടെ ഈ ബസുകള്‍ തൃശൂരില്‍ നിന്ന് ചെന്നൈയിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങി. ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞാല്‍ സ്കാനിയ മൂന്നാര്‍ ട്രിപ്പിനായി മലപ്പുറം ഡിപ്പോയ്ക്ക് കൈമാറും. ചെന്നൈ മലയാളി അസോസിയേഷന്റെ അഭ്യാര്‍ത്ഥനയെ തുടര്‍ന്നാണ് ബസ് സര്‍വീസ് തുടങ്ങിയത്. എന്നാല്‍ മിക്കവരും ട്രെയിനിനെയാണ് ആശ്രയിക്കാറുള്ളത് എന്നതാണ് ഈ സര്‍വീസിന്റെ ഭാവിയില്‍ അധികൃതര്‍ക്ക് ആശങ്കയുണ്ടാക്കുന്നത്.

മലപ്പുറം ഡിപ്പോയില്‍ നിന്ന് ശനി,​ പെരിന്തല്‍മണ്ണ – തിങ്കള്‍,​ നിലമ്പൂര്‍ – ചൊവ്വ എന്നിങ്ങനെയാണ് മൂന്നാര്‍ ട്രിപ്പുള്ളത്. ഞായറാഴ്ച മലക്കപ്പാറയിലേക്കാണ് യാത്ര. ശബരിമല സീസണായതിനാല്‍ കൂടുതല്‍ ബസുകളും ലഭ്യമല്ല. മലപ്പുറം ഡിപ്പോയില്‍ ഫെബ്രുവരി ആദ്യവാരം വരെ ബുക്കിംഗ് പൂര്‍ണ്ണമായിട്ടുണ്ട്.

ക്രിസ്മസ് അവധിക്ക് പിന്നാലെ നിരവധിപേര്‍ മൂന്നാര്‍ ട്രിപ്പില്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും മൂന്നാറില്‍ താമസസൗകര്യം കുറവാണ്. കഴിഞ്ഞ ദിവസം മൂന്ന് ബസുകള്‍ ഒന്നിച്ചുപോയപ്പോള്‍ കുറച്ചുപേര്‍ക്ക് താമസത്തിന് മറ്റ് സംവിധാനങ്ങളൊരുക്കേണ്ടി വന്നു.

Leave a Reply