
മാനന്തവാടി: തിരുനെല്ലി ക്ഷേത്രത്തിലേക്ക് തീർത്ഥാടനത്തിന് വന്ന കണ്ണൂർ സ്വദേശികളുടെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച KL 58 AD 1360 മാരുതി ആൾട്ടോ കാറാണ് തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് കാട്ടാന ആക്രമിച്ചു തകർത്തത്. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. റോഡരികിലുണ്ടായിരുന്ന കാട്ടാന വാഹനത്തിനടുത്തേക്ക് പാഞ്ഞെത്തി കൊമ്പ് കൊണ്ട് കുത്തുകയായിരുന്നു. സംഭവത്തിൽ കാറ് ഭാഗീകമായി തകർന്നു. അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ഡെപ്യൂട്ടി റെയ്ഞ്ചർ എം.വി.ജയപ്രസാദിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി.