കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാതിരുന്ന നഗരസഭ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവ്. മാർച്ച് 28ന് പത്തനംതിട്ട നഗരസഭ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പൊലീസിനോട് ഉത്തരവിട്ടത്. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയത് ഏത് സാഹചര്യത്തിലാണെന്ന് ഈ മാസം 14ന് ഹാജരായി വിശദീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ, കോടതിയിൽ ഹാജരാകുന്നതിന് മാർച്ച് 18 വരെ സമയം നൽകി. നഗരസഭാ സെക്രട്ടറി സ്വമേധയാ ഹാജരാകാൻ തയ്യാറാണെങ്കിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാൻ കോടതി നിർദേശിച്ചിട്ടുണ്ട്. അതിനിടെ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് നഗരസഭ സെക്രട്ടറി അഭ്യർത്ഥിച്ചെങ്കിലും കോടതി വഴങ്ങിയില്ല.