പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങലില്‍ 2019ല്‍ നഴ്സ് ജീവനൊടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് തെളിഞ്ഞു.
സംഭവത്തില്‍ തടിക്കച്ചവടക്കാരന് മല്ലപ്പള്ളി കൊട്ടാങ്ങല്‍ സ്വദേശി നസീറി(39)നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2019 ഡിസംബര്‍ 19നാണ് സംഭവം നടന്നത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി കാമുകനൊപ്പമാണ് താമസിച്ചിരുന്നത്.
കാമുകനും പിതാവും വീട്ടിലില്ലാതിരുന്ന സമയം ഇവിടെയെത്തിയ നസീര്‍ യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുന്നതിനിടെ കട്ടിലില്‍ തലയിടിച്ച് ഇവരുടെ ബോധം നഷ്ടപ്പെട്ടു.
തുടര്‍ന്ന് ഇയാള്‍ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു. ഇതിനു ശേഷം ഇയാള്‍ യുവതിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു.
ആദ്യം കാമുകനെതിരെയായിരുന്നു ആരോപണമുയര്‍ന്നത്. എന്നാല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ നസീറിലേക്ക് എത്തി. സംഭവസ്ഥലത്തു നിന്നും നസീറിന്റെ ഡിഎന്‍എ സാംപിളുകളും പോലീസിനു ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.