Spread the love

പത്തൊൻപതാം നൂറ്റാണ്ട് തീയറ്റർ റിലീസ് മാത്രമെന്ന് വിനയൻ

സംവിധായൻ വിനയന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ആ നൂറ്റാണ്ടിൽ
നടന്ന നവോത്ഥാന പോരാട്ടങ്ങളെക്കുറിച്ചാണ് സിനിമ കഥ പറയുന്നത്. സിനിമയുടെ വിശേഷങ്ങൾ
പങ്കുവയ്ക്കുന്നതിനൊപ്പം, ചിത്രം ഓടിടിയിൽ റിലീസ് ചെയ്യില്ലെന്നും തിയറ്ററുകളിൽ തന്നെ റിലീസ്
ചെയ്യുമെന്നും വിനയൻ ആവർത്തിച്ചു.

തിരുവിതാംകൂറിൽ ജീവിച്ചിരുന്ന സാഹസികനായ പോരാളി ആറാട്ടുപുഴ വേലായുധ പണിക്കരുടെ
കഥയാണ് ചിത്രം പറയുന്നത്. താഴേക്കിടയിലുള്ള ജനങ്ങൾക്ക് വേണ്ടി പോരാടി രക്തസാക്ഷിയായ
ആളാണ് പണിക്കർ. ശ്രീനാരായണഗുരുവിന് മുമ്പേ തന്നെ അവർണർക്ക് വേണ്ടി ക്ഷേത്രം പണിതയാളാണ്
വേലായുധ പണിക്കർ. സിജു വിത്സൻ ആണ് വേലായുധ പണിക്കരാകുന്നത്. വലിയ മേക്ക് ഓവർ ആണ് ചിത്രത്തിന്
വേണ്ടി സിജു ചെയ്തത്.

മികച്ച ആക്ഷൻ ചിത്രമായിരിക്കും പത്തൊമ്പതാം നൂറ്റാണ്ട് എന്ന് സംവിധായകൻ തന്നെ പറയുന്നു. ദക്ഷിണേന്ത്യയിലെ
ഏറ്റവും മികച്ച സംഘട്ടന സംവിധായകർ ആണ് രംഗങ്ങൾ ഒരുക്കിയത്. എന്നാൽ ആക്ഷൻ സിനിമയ്ക്കപ്പുറം ആ
കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്ക്കുന്ന ജീവിത സാഹചര്യങ്ങളുടെ നേർച്ചിത്രം
കൂടിയായിരിക്കും സിനിമയെന്ന് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

75 വർഷങ്ങൾക്കു മുൻപ് ഏതെങ്കിലും ഒരു രാഷ്‍ട്രീയ പാർട്ടിയോ, ഏതെങ്കിലും ഒരു സംഘടനയോ ഇല്ലാതിരുന്ന
ആ കാലത്ത് തങ്ങളുടെ മാനം കാക്കാൻ സ്വയം തെരുവിൽ ഇറങ്ങേണ്ടി വന്നവരുടെ സ്ത്രീ ശാക്തീകരണത്തിന്റെ കഥ
കൂടിയാണ് പറയുന്നതെന്നും വിനയൻ കൂട്ടിച്ചേർക്കുന്നു. ചെമ്പൻ വിനോദ്, അനൂപ് മേനോൻ, കയാദു ലോഹർ, പൂനം ബജ്‍വ,
സെന്തിൽ, ടിനി ടോം തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നു. ഗോകുലം മൂവീസ് ആണ് ചിത്രം
നിർമിക്കുന്നത്. ചിത്രീകരണത്തിന്‍റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി.

Leave a Reply