പട്ടാമ്പി: പാതിവഴിയില്‍ നിലച്ച പട്ടാമ്പി ബൈപാസ് റോഡിന് പുതുജീവന്‍. നിര്‍മാണത്തിന് രണ്ട് കോടി രൂപയുടെ അനുമതിയായി. ടൗണില്‍ നിരന്തരമുണ്ടാകുന്ന ഗതാഗതക്കുരുക്കിന് ആശ്വാസമാകുന്നതാണ് ബൈപാസ് റോഡ്. നഗരസഭയുടെ പുതിയ മാര്‍ക്കറ്റ് പരിസരത്തുനിന്ന് ആരംഭിച്ച് പള്ളിപ്പുറം റോഡില്‍ ചേരുന്നതാണ് ബൈപാസ്.
കൊപ്പം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാതെ ബസ് സ്റ്റാന്‍ഡ് പരിസരത്തേക്കും പള്ളിപ്പുറം റോഡിലും എത്താനും നഗരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടാനും സാധിക്കും.
കുന്നംകുളം, തൃത്താല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പെരിന്തല്‍മണ്ണ, വളാഞ്ചേരി ഭാഗത്തേക്ക് നഗരത്തില്‍ പ്രവേശിക്കാതെ കടന്നുപോകാനും ബൈപാസ് സഹായകമാവും. 2005ല്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി കൊണ്ടുവന്നത്. 2010ല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. പട്ടാമ്പി, മുതുതല പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന രീതിയിലാണ് ബൈപാസ് ആസൂത്രണം ചെയ്തിരുന്നത്.
സ്ഥലമേറ്റെടുത്ത് മണ്ണിട്ട് കല്ലിടുന്ന പ്രവൃത്തി വരെ എത്തിയെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം തുടര്‍പ്രവര്‍ത്തനം ഉണ്ടായില്ല. പട്ടാമ്പി പഞ്ചായത്ത് നഗരസഭയായതോടെ റോഡിന്റെ ഭൂരിഭാഗവും നഗരസഭ പരിധിയിലായി. പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതിന് ശേഷമാണ് ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ നടപടികള്‍ പുനരാരംഭിച്ചത്. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എയുടെ ശ്രമഫലമായി റീബില്‍ഡ് കേരള പദ്ധതി വഴി രണ്ട് കോടി രൂപ ബൈപാസിന് വകയിരുത്തിയിട്ടുണ്ട്.
ടാറിങ് നടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വെള്ളം കയറുന്ന പ്രദേശമായതിനാല്‍ ആദ്യഘട്ടത്തില്‍ ഇന്‍റര്‍ലോക്ക് കട്ട വിരിക്കുന്ന പ്രവൃത്തികള്‍ നടത്തുമെന്ന് എം.എല്‍.എ പറഞ്ഞു. നിലവില്‍ കാടുപിടിച്ചും കുഴികളും ചളിയും നിറഞ്ഞ് ശോച്യാവസ്ഥയിലാണ് പാത. ബൈപാസ് പൂര്‍ത്തിയായാല്‍ മൂന്ന് ജില്ലകളെ ബന്ധിപ്പിക്കുന്ന പട്ടാമ്പി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്ന് കരുതപ്പെടുന്നു.