
തിരുവനന്തപുരം : പേവിഷ ബാധയ്‌ക്ക് എതിരേയുള്ള ഇക്വിൻ ആന്റി റേബീസ് ഇമ്യൂണോ ഗ്ലോബുലിൻ വാക്‌സീൻ കൂടിയ വില നൽകി വാങ്ങിയ തീരുമാനത്തിനു മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. അധിക തുകയ്ക്ക് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വാക്സീൻ വാങ്ങിയതു സംബന്ധിച്ച ഫയൽ, ധനവകുപ്പിന്റെ എതിർപ്പിനെ തുടർന്നു കഴിഞ്ഞ മന്ത്രിസഭാ യോഗം മാറ്റി വച്ചിരുന്നു. വാക്‌സീന്റെ ഒരു വയ്‌ലിന് കഴിഞ്ഞ വർഷത്തെക്കാൾ 112 രൂപ കൂടുതൽ നൽകി വാങ്ങാനാണ് അനുമതി.
2.97 കോടി രൂപ ചെലവിൽ 1.12 ലക്ഷം വയ്ൽ വാക്‌സീൻ വാങ്ങാനാണ് ഓർഡർ നൽകിയത്. വാക്‌സീന്റെ വില ഉയർന്ന സാഹചര്യത്തിലാണു കൂടിയ തുകയ്ക്കു വാങ്ങേണ്ടി വന്നതെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. കെഎംഎസ്‌സിഎൽ ടെൻഡർ വിളിച്ചപ്പോൾ രണ്ടു കമ്പനികൾ മാത്രമാണു പങ്കെടുത്തത്. ക്വോട്ടു ചെയ്ത കുറഞ്ഞ തുകയ്ക്കാണു വാങ്ങിയത്. തമിഴ്‌നാട് അടക്കം കൂടിയ വിലയ്ക്കാണു വാങ്ങിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.