
മതവിദ്വേഷക്കേസില്‍ പി.സി.ജോര്‍ജിനെ തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇതോടെ ജോര്‍ജിനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റും. മുന്‍കൂര്‍ ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ച പശ്ചാത്തലത്തിലാണ് റിമാന്‍ഡ്. അതേസമയം സര്‍ക്കാര്‍ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.കോടതി ജാമ്യം അനുവദിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. പൊലീസിനെതിരെ പരാതി ഇല്ലെന്ന് പി സി ജോർജ് കോടതിയിൽ പറഞ്ഞു. പൊലീസ് കാരണം പി സി ക്ക് ജീവിക്കാൻ കഴിയുന്നില്ലെന് അഭിഭാഷകൻ പറഞ്ഞു. പിസിയെ ഏതു വിധേനെയും ജയിലിലടക്കാനാണ് പൊലീസ് നീക്കം നടത്തിയത്. അതാണ് ഇന്നലെ രാത്രി കണ്ടത് എന്നും അഭിഭാഷകൻ പറഞ്ഞു. പൊലീസ് മർദ്ദിക്കുമോയെന്ന് ഭയമുണ്ടോ എന്ന് കോടതി ചോദിച്ചു. ഒന്നിനെയും ഭയമില്ലെന്ന് പി സി കോടതിയോട് പറഞ്ഞു. പൊലീസ് പ്രതികാര ബുദ്ധിയോടെ പെരുമാറുകയാണെന്ന് പി സി ജോർജിന്റെ അഭിഭാഷകൻ അഡ്വ സിജു രാജ പ്രതികരിച്ചു. അസുഖങ്ങൾ ഉണ്ടെങ്കിലും ജയിലിൽ പോകാൻ തയാർ എന്ന് പി സി ജോർജ് കോടതിയെ അറിയിച്ചതായും അഭിഭാഷകൻ പറഞ്ഞു.