ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ യുവ സംവിധായകന്‍ സന്‍ഫീര്‍ കെ. ഒരുക്കുന്ന ‘പീസ്’ എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നു. കാര്‍ലോസ് എന്ന ഡെലിവറി ബോയിയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവത്തെ അതേ ഭാവതീവ്രതയോടെ ആവിഷ്ക്കരിക്കുകയാണ് ഈ ചിത്രത്തിലൂടെ യുവ ശാസ്ത്രജ്ഞന്‍ കൂടിയായ സന്‍ഫീര്‍.
സറ്റയര്‍ കോമഡി ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘പീസ്’ നിര്‍മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറില്‍ ദയാപരനാണ്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ജുബൈര്‍ മുഹമ്മദാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളില്‍ ചിത്രീകരിച്ചുവരുന്ന പീസ് രണ്ട് ഷെഡ്യൂളുകളിലാണ് പൂര്‍ത്തീകരിക്കുന്നത്. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പൂര്‍ണ്ണമായും പാലിച്ചാണ് ചിത്രീകരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നത്.
ജോജുവിനെ കൂടാതെ സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി, അര്‍ജുന്‍ സിംങ്, അനില്‍ നെടുമങ്ങാട്, മാമുക്കോയ, പോളി വില്‍സണ്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.