തിരുവനന്തപുരം∙ പിണറായിയുടേത് അല്ലാത്ത എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പരിപാടിക്കും താൻ പോകുമെന്ന് ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്ന് പിച്ചച്ചട്ടി എടുത്ത് പ്രതിഷേധിച്ച് ശ്രദ്ധനേടിയ മറിയക്കുട്ടി. സേവ് കേരള ഫോറം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ അവകാശ സംരക്ഷണ ധർണയിൽ പങ്കെടുക്കുകയായിരുന്നു മറിയക്കുട്ടി. ക്ഷേമപെൻഷൻ കൃത്യമായി കൊടുക്കാൻ നടപടി ആവശ്യപ്പെട്ടാണ് ധർണ നടന്നത്.
തൃശൂരിൽ ബിജെപി പരിപാടിയിൽ പങ്കെടുത്തതിനെക്കുറിച്ചും മറിയക്കുട്ടി പ്രതികരിച്ചു. ‘‘രാവിലെ കോൺഗ്രസും രാത്രി ബിജെപിയും ആണെന്നാണ് എന്നെക്കുറിച്ച് സിപിഎം പറയുന്നത്. അത് എന്റെ പണി അല്ല. പാവപ്പെട്ടവർക്ക് പെൻഷൻ കിട്ടണം. ജനങ്ങളുടെ നികുതിപ്പണം സർക്കാർ വാങ്ങിക്കുന്നുണ്ട്. ജനങ്ങളുടെ അവകാശമാണ് ചോദിക്കുന്നത്. മാസപ്പടിയിൽനിന്നല്ല നികുതിയിൽനിന്നാണ് പെൻഷൻ ചോദിക്കുന്നത്.
അനേകം പേർ കേരളം ഭരിച്ചിട്ടുണ്ട്. ഇത്രയും വൃത്തികെട്ട ഭരണം ഉണ്ടായിട്ടില്ല. എത്ര പെൺകുട്ടികളുടെ വസ്ത്രമാണ് സമരത്തിനിടെ പൊലീസ് വലിച്ചു കീറിയത്. സ്ത്രീകളുടെ ശരീരത്ത് തൊടാൻ പുരുഷ പൊലീസിന് അവകാശമില്ല. ഇതൊക്കെയാണ് താൻ വിളിച്ചു പറയുന്നത്. അല്ലാതെ ഒരു പാർട്ടിയുമായും ബന്ധമില്ലെന്നും മറിയക്കുട്ടി അറിയിച്ചു.