Spread the love

അരൂർ∙കുടിനീർ ക്ഷാമം അതിരൂക്ഷമായതോടെ പള്ളിത്തോട് വടക്കേക്കാട് കോളനിയിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിൽ. കഴിഞ്ഞ ഒരു മാസമായി പൈപ്പിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും ലഭിക്കുന്നില്ലെന്നു കോളനി നിവാസികൾ അറിയിച്ചു. കോളനിയിലെ അൻപതിലേറെ കുടുംബങ്ങളാണു കുടിവെള്ളം കിട്ടാതെ ബുധിമുട്ടുന്നത്. പൈപ്പിനു മുന്നിൽ ഏറെ നേരം കാത്തു നിന്നാലും വെള്ളം ലഭിക്കുന്നില്ല. വല്ലപ്പോഴായി എത്തുന്ന വെള്ളം ചെളി കലർന്നതാണെന്നും കോളനി നിവാസികൾ പറഞ്ഞു. രണ്ടാഴ്ചയായി കുടിനീർക്ഷാമം അതിരൂക്ഷമായതോടെ വള്ളങ്ങളിലും നടന്നുമായി ദൂരെ നിന്നാണ് ഒരു നേരത്തെ കുടിവെള്ളം ശേഖരിക്കുന്നത്.

തുറവൂർ പഞ്ചായത്തിലെ 17-ാം വാർഡിൽപ്പെട്ട പ്രദേശമാണിത്. 1,18,16 വാർഡിലും പ്രശ്നം ഗുരുതരമാണ്. പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കുന്നുണ്ടെങ്കിലും വടക്കേക്കാട് കോളനിയിലെ കുടിവെള്ള ക്ഷാമത്തിനു വർഷങ്ങളോളം പഴക്കമുണ്ട്. ജപ്പാൻ പദ്ധതി പ്രകാരമുള്ള കുടിവെള്ളം എല്ലായിടത്തും ലഭിക്കുമ്പോൾ ഇവിടത്തെ ജല വിതരണം ഇന്നും കാര്യക്ഷമമല്ല. പ്രധാന പൈപ്പിൽ നിന്നും ഈ ഭാഗത്തേക്കുള്ള പൈപ്പ് ലൈനുകളുടെ തകരാർ പരിഹരിക്കാൻ ജല അതോറിറ്റിക്ക് കഴിയാത്തതാണ് ജല ക്ഷാമം അതിരൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ അറിയിച്ചു.

Leave a Reply