ഒരു സിനിമ പുറത്തുവന്നതിനുശേഷം മോശം റിവ്യൂകൾ വന്നു ഭവിക്കുകയും അഭിനേതാവ് എന്ന നിലയിൽ താൻ ഏറ്റവും തകർന്നിരിക്കുകയും ചെയ്യുന്ന അവസരത്തിൽ പോലും ഒന്നിൽ നിന്നും വീണ്ടും തുടങ്ങാം എന്ന് ചിന്തിച്ചിരുന്നുവെന്ന് നടൻ ആസിഫലി. ആത്മാഭിമാനത്തേക്കാൾ തനിക്ക് ആത്മവിശ്വാസമാണ് കൂടുതലുള്ളതെന്നും സിനിമയിൽ തലതൊട്ടപ്പൻമാർ ഇല്ലാത്ത തുടക്കക്കാരൻ എന്ന നിലയിൽ താൻ വന്ന വഴി വളരെ ദുർഘടം ആയിരുന്നു എന്നും ആസിഫ് തുറന്നു പറയുന്നു. ഒരു സ്വകാര്യ ചാനൽ നൽകിയ അഭിമുഖത്തിലാണ് ആസിഫിന്റെ മനസ്സ് തുറന്നുള്ള പ്രതികരണം.
കാസർഗോഡ് എന്ന തന്റെ സിനിമ പുറത്തുവന്നതിനുശേഷം വ്യാപക നെഗറ്റീവ് റിവ്യൂകൾ താൻ ഏറ്റുവാങ്ങിയിരുന്നു. സിനിമയിലെ തന്റെ പ്രകടനത്തെ ഇളകീറി മുറിച്ച് ഒരു റിവ്യൂ എങ്ങനെയാണ് ആസിഫലി ഇത്രയും കാലം മലയാള സിനിമയിൽ പിടിച്ചുനിന്നത് എന്ന് ചോദിച്ചിരുന്നു. ഇത് തന്നെ വല്ലാതെ തകർത്തു കളഞ്ഞുവെന്നും ആ സമയത്ത് പോലും ഒന്നിൽ നിന്ന് വീണ്ടും ആരംഭിക്കാം എന്നാണ് താൻ വിചാരിച്ചതെന്നും ആസിഫലി ആത്മവിശ്വാസത്തോടെ പറയുന്നു.
പറയത്തക്ക ബന്ധങ്ങളും കൂട്ടുകെട്ടുകളും ഇല്ലാതെ സ്വപ്രയത്നത്തിൽ സിനിമയിൽ എത്തിച്ചേർന്ന യുവാവ് എന്ന നിലയിൽ തനിക്ക് പരിമിതികൾ ഏറെ ഉണ്ടായിരുന്നുവെന്നും നടൻ വ്യക്തമാക്കുന്നു. ഇത്തരത്തിൽ തന്റെ തുടക്കകാല ചിത്രങ്ങളായ കഥ തുടരുന്നു, അപൂർവ രാഗം തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് വേളയിൽ അതി കഠിനമായ മാനസിക സംഘർഷങ്ങൾ താൻ അനുഭവിച്ചിരുന്നു എന്നും ആസിഫ് പറയുന്നു.
കഥ തുടരുമ്പോൾ എന്ന ചിത്രത്തിന്റെ കാര്യം പറയുകയാണെങ്കിൽ തനിക്ക് ആ സിനിമയിൽ വരുമ്പോൾ സെറ്റിലെ ആരെയും അറിയില്ലായിരുന്നു. ആകെ പരിചയമുള്ളത് സംവിധായകൻ സത്യൻ അന്തിക്കാടിനെയാണ്. സിനിമ ആരംഭിച്ച് 27 ദിവസങ്ങൾ കഴിഞ്ഞ് ജോയിൻ ചെയ്ത തന്റെ ഫസ്റ്റ് ഷോട്ട് മമ്തയ്ക്ക് ഒപ്പം ഉള്ളതായിരുന്നു എന്നും തനിക്ക് അപ്പോൾ പേടിച്ചിട്ട് സംസാരിക്കാൻ പോലും വയ്യാത്ത അവസ്ഥയായിരുന്നു എന്നും ആസിഫ് രസകരമായി പറയുന്നു. ആ ആത്മവിശ്വാസക്കുറവിൽ നിന്നും താൻ ഒരുപാട് വളർന്നു എന്നും ആസിഫ് കൂട്ടിച്ചേർത്തു.
സമാനമായ അനുഭവം അപൂർവ രാഗത്തിന്റെ സെറ്റിലും ഉണ്ടായെന്നും ആസിഫ് പറയുന്നു. ചിത്രത്തിലെ ഒരു പാട്ടിന്റെ ചിത്രീകരണം പൂർത്തിയാക്കിയത് ക്രൈസ്റ്റ് കോളേജിൽ ആയിരുന്നുവെന്നും ആത്മവിശ്വാസക്കുറവ് മൂലം തന്റെ ആദ്യ ഡാൻസ് സ്റ്റെപ്പ് തന്നെ പൂർത്തീകരിക്കാൻ നാലുമണിക്കൂർ എടുത്തു എന്നും ആസിഫ് പറയുന്നു. രാവിലെ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും 11 മണിക്കാണ് ഫസ്റ്റ് ഷോട്ട് ഓക്കേ ആകുന്നത്. ഈ സമയത്തൊക്കെ ചുറ്റുമുള്ളവർ കമന്റ് അടിക്കുകയും ചിരിക്കുകയും ചെയ്തിരുന്നു. അപ്പോൾ താൻ ആത്മഹത്യയെപ്പറ്റി വരെ ചിന്തിച്ചിട്ടുണ്ടായിരുന്നുഎന്നുമാണ് ആസിഫ് പറയുന്നത്.