മിനി സ്ക്രീൻ സെലിബ്രിറ്റിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആലീസ് ക്രിസ്റ്റി പ്രേക്ഷകർക്ക് സുപരിചിതയാണ്. മകളായും മരുമകളായുമൊക്കെ വേഷമിട്ട് കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടിയായി വർഷങ്ങൾക്കു മുൻപേ നടി മാറിയിട്ടുണ്ട്. തന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരെ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന ആളാണ് ആലീസ്. ഇപ്പോഴിതാ തന്നെക്കുറിച്ചു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആലീസ് ക്രിസ്റ്റി.
തനിക്ക് ചെറിയ ഒരു അലർജി പ്രശ്നം മാത്രമാണ് ഉണ്ടായിരുന്നത് എന്നും എന്നാൽ ഓൺലൈനിൽ പ്രചരിക്കുന്ന വിവിധ വാർത്തകളും ചിലർ വിളിച്ചു ചോദിക്കുന്നതും കേട്ടാൽ തനിക്ക് എന്തോ മാറാരോഗം ഉള്ളതു പോലെയാണ് തോന്നുക എന്നും ഇക്കാരണത്താലാണ് പ്രതികരിച്ച രംഗത്ത് എത്തിയതെന്നും ആലിസ് പറഞ്ഞു.
‘പൊടി അലര്‍ജിയുണ്ടായിരുന്നു എനിക്ക്, സേറയുമായുള്ള (പെറ്റ് ഡോഗ്) ഇടപെടലും കൂടിയായപ്പോള്‍ അലര്‍ജി കൂടി. അതുകൊണ്ട് ഇത്തവണ പോയപ്പോള്‍ അവനെ കൊഞ്ചിക്കാനായിരുന്നില്ലെന്ന കാര്യം ഞാൻ ഒരു റീലിൽ പറഞ്ഞിരുന്നു. പെറ്റ്സ് ഉണ്ടെങ്കില്‍ ഒന്ന് മാറി നില്‍ക്കുന്നത് നന്നായിരിക്കുമെന്നും അലര്‍ജി മാറിയ ശേഷം കൊഞ്ചിക്കാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഇടയ്ക്ക് വീട്ടിൽ വന്നപ്പോള്‍ സേറ എന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ സേറയുടെ അടുത്തേക്ക് എനിക്ക് പോകാൻ സാധിച്ചില്ല. അതല്ലാതെ എനിക്ക് മാറാരോഗമാണെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ചെറിയൊരു അലര്‍ജിയും തുമ്മലും വന്നതാണ് ഇങ്ങനെയാക്കിയത്. നിനക്ക് എന്തോ മാറാരോഗം ആണെന്ന് കേട്ടല്ലോ എന്നൊക്കെ ചോദിച്ച് എനിക്ക് ചില കോളുകൾ വന്നിരുന്നു. അധികമാര്‍ക്കും വരാത്ത അസുഖമാണെന്നൊക്കെയാണ് പറയുന്നത്. ഇവരിതെന്തൊക്കെയാണ് പറയുന്നതെന്നാണ് വീഡിയോ കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. ഇല്ലാത്ത രോഗത്തെക്കുറിച്ച് പറഞ്ഞ് പബ്ലിസിറ്റി നേടുന്നത് എനിക്ക് താല്‍പര്യമുള്ള കാര്യമല്ല”, ആലീസ് ക്രിസ്റ്റി വ്ളോഗിൽ പറഞ്ഞു.