Spread the love

കഴിഞ്ഞ കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നൊരു പേരുണ്ട് മാധവ് സുരേഷ്. നടൻ സുരേഷ് ​ഗോപിയുടെ ഇളയ മകനാണ് മാധവ്. തന്റെ ആദ്യ അഭിനയ അരങ്ങേറ്റ ചിത്രമായ കുമ്മാട്ടിക്കളിയുടെ പ്രൊമോഷൻ അഭിമുഖങ്ങളിലൂടെയായിരുന്നു മാധവ് ആദ്യം വൈറൽ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പിന്നാലെ താരത്തിന്റെ പല പ്രതികരണങ്ങളും അഭിപ്രായങ്ങളും ചർച്ചാ വിഷയമാകാനും തുടങ്ങി. പലപ്പോഴും മാധവിന്റെ പ്രതികരണങ്ങൾ വിമർശനങ്ങൾക്കിടയാക്കുകയോ ട്രോൾ പേജുകളിൽ ഇടംപിടിക്കുകയോ ആണ് പതിവ്.

തന്റെ സോഷ്യൽ മീഡിയ പേജുകളിൽ വരുന്ന വിമർശങ്ങൾക്കെല്ലാം ചുട്ട മറുപടി കൊടുക്കുന്ന ആളാണ് മാധവ്. ഇതും താരത്തിനെതിരെ ഒരുകൂട്ടം വിമർശകർ ഉണ്ടാകുന്നതിന് കാരണമായി. എല്ലാത്തിലും കൃത്യമായ നിലപാടും വിലയിരുത്തലും ഉള്ള പക്വതയാർന്ന സംസാരമെന്നൊക്കെ തുടക്കത്തിൽ നടൻ പൃഥ്‌വി രാജുമായി താരതമ്യപ്പെടുത്തി പറഞ്ഞിരുന്ന മലയാളികൾ ഇപ്പോൾ ട്രോളും മീമുമൊക്കെയായി താരപുത്രനെ കളിയാക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുന്നത്. ഏറ്റവുമൊടുവിലിതാ തന്റെ അച്ഛൻ തന്റെ മനസിൽ എന്നും രാജാവാണെന്നും അദ്ദേഹത്തെയോ വീട്ടിലിരിക്കുന്ന അമ്മയെയോ മോശമായി പറഞ്ഞത്‌ തീർച്ചയായും താൻ പ്രതികരിക്കുമെന്നും പറയുകയാണ് മാധവ് .

മാധവിന്റെ വാക്കുകൾ

“എന്റെ മനസിൽ എന്നും എന്റെ രാജാവാണ് അച്ഛൻ. ഒന്നും ആലോചിക്കാതെ അച്ഛൻ ഒന്നും ചെയ്യാറില്ല. എല്ലാവർക്കും ഉണ്ടാകുന്ന തെറ്റുകൾ അദ്ദേഹത്തിനും ഉണ്ടായിട്ടുണ്ട്. സ്വന്തം നേട്ടം മാറ്റിവച്ചിട്ടാണെങ്കിലും മറ്റൊരാൾക്ക് നല്ലത് കിട്ടുന്നെങ്കിൽ അത് പോയി ചെയ്യുന്ന ആളാണ്. അത് കണ്ടിട്ടുള്ള ആളുമാണ് ഞാൻ. ആരെയും ദ്രോഹിക്കാൻ വേണ്ടിയല്ല കഴിവതും എല്ലാവർക്കും നല്ലത് ചെയ്യാൻ ആ​ഗ്രഹിക്കുന്ന വ്യക്തിയാണ്. സ്വന്തം പോക്കറ്റിൽ നിന്നും കാശെടുത്താണ് മറ്റുള്ളവർക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നത്. അങ്ങനെ എത്രപേർ ചെയ്യുമെന്ന് എനിക്കറിയില്ല. പിള്ളേരെ അച്ഛന് ഭയങ്കര ഇഷ്ടമാണ്. എനിക്ക് എന്നും സൂപ്പർ സ്റ്റാർ സുരേഷ് ​ഗോപിയെ തന്നെയാണ് ഇഷ്ടം. രാഷ്ട്രീയത്തോട് അത്ര താല്പര്യമില്ലാത്ത ആളാണ് ഞാൻ”, എന്ന് മാധവ് സുരേഷ് പറയുന്നു.

വിമർശനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, “അച്ഛൻ പറയുന്നത് ഇതെന്റെ കരിയറാണ്. ഞാൻ ചൂസ് ചെയ്തതാണ്. പ്രതികരിക്കരുതെന്നാണ്. നിങ്ങള് മിണ്ടാതിരുന്നോളണം എന്നാണ് പറഞ്ഞിരിക്കുന്നത്. എല്ലാം കേട്ട് മിണ്ടാതിരിക്കാൻ ഞങ്ങൾ മക്കൾക്ക് പറ്റുകയും ഇല്ല. ഞാനും എന്റെ സഹോദരങ്ങളും മനുഷ്യരാണ്. മാതാപിതാക്കളെ പറ്റി ഓരോന്ന് പറയുമ്പോൾ, ഒരു പരിധി കഴിയുമ്പോൾ പ്രതികരിക്കും. അച്ഛനെ പറയുന്നത് വീണ്ടും മനസിലാക്കാം. പക്ഷേ എന്റെ വീട്ടിലിരിക്കുന്ന അമ്മയെ പറയാൻ ഇവന്മാർക്കൊക്കെ ആരാ അധികാരം കൊടുത്തത്. അമ്മയെ പറയുന്നത് എപ്പോഴും ചിരിച്ച് വിട്ടെന്ന് വരില്ല. ഈ വിമർശിക്കുന്നവരെ പ്രസവിച്ചത് ഒരമ്മയാണ്. അവരെ ആലോചിച്ചിട്ട് വേണം മറ്റുള്ള സ്ത്രീകളെയും അമ്മമാരെയും പറയാൻ. ആ ബോധം പലർക്കും ഇവിടെ ഇല്ല. ഞാൻ പ്രതികരിച്ചോണ്ടേ ഇരിക്കും”, എന്നായിരുന്നു മാധവിന്റെ മറുപടി.

Leave a Reply