ജില്ലാ പട്ടികജാതി വികസന ഓഫീസും സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷനും സംയുക്തമായാണ് മുടക്കുഴ പഞ്ചായത്തിലെ കണ്ണഞ്ചേരി കോളനിയിൽ ലഹരിക്കെതിരെ ജനകീയ മുഖാമുഖവും ഭവന സന്ദർശനവും നടത്തി. കണ്ണഞ്ചേരി എസ്.സി സാംസ്കാരിക നിലയത്തിൽ വിമുക്തി സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് എടുത്ത ബോധവൽക്കരണ ക്ലാസോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. കോളനിയിലെ വീടുകളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംയുക്തമായി ലഹരി വിരുദ്ധ സന്ദേശമുയർത്തി ഭവന സന്ദർശനം നടത്തി. ലഹരി വിരുദ്ധ സന്ദേശമടങ്ങിയ ലഘുലേഖയും ലഹരി മാഫിയയുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയിക്കുന്നതിനുള്ള ഫോൺ നമ്പറുകളും വീടുകളിൽ വിതരണം ചെയ്തു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ലഹരി മാഫിയയുടെ പ്രവർത്തനവും അക്രമ സംഭവങ്ങളും സജീവമാണെന്ന പരാതിയെ തുടർന്നാണ് ജനകീയ മുഖാമുഖവും ഭവന സന്ദർശനവും നടന്നത്.