
പെരിന്തൽമണ്ണ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി. ഒരുക്കുന്ന ലേഡീസ് ഓൺലി വിനോദയാത്രയുടെ ഭാഗമായി പെരിന്തൽമണ്ണ ഡിപ്പോയിൽനിന്നുള്ള ആദ്യയാത്ര 27-ന് മലക്കപ്പാറയിലേക്ക്. പട്ടാമ്പിയിലെ വനിതാകൂട്ടായ്മയായ ‘സഹജ പട്ടാമ്പി’യുടെ നേതൃത്വത്തിലാണ് യാത്ര. മാർച്ച് എട്ടു മുതൽ 13 വരെയാണ് വനിതാ യാത്രാവാരം എന്ന വിനോദയാത്രാ പരിപാടി കെ.എസ്.ആർ.ടി.സി. ഒരുക്കിയിരിക്കുന്നത്. അധ്യാപികമാർ അടക്കമുള്ള സഹജ പട്ടാമ്പി അംഗങ്ങൾ മാർച്ചിൽ വിദ്യാലയങ്ങളിലുണ്ടാകുന്ന തിരക്ക് കണക്കിലെടുത്താണ് ഒരാഴ്ച മുമ്പ് യാത്രക്കൊരുങ്ങിയത്.
മുൻ പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ്, ഹയർസെക്കൻഡറി വകുപ്പ് മുൻ ഡയറക്ടർ പ്രൊഫ. സി.പി. ചിത്ര, വിളയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി ഗിരിജ, മുതുതല പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ യാത്രയ്ക്ക് തയ്യാറായിട്ടുണ്ട്.
27-ന് രാവിലെ അഞ്ചിന് യാത്രയിലെ ആദ്യ പിക്ക് അപ് കേന്ദ്രമായ കൊപ്പത്ത് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ടിക്കറ്റിതര വരുമാനമാർഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പരിപാടിയിൽ വിനോദയാത്രയ്ക്ക് താത്പര്യപ്പെടുന്നവർ കൂടുകയാണെന്ന് ഡിപ്പോ അധികൃതർ പറയുന്നു.
യാത്രക്കാരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് യാത്ര കൂടുതൽ ആസ്വാദ്യകരമാക്കാൻ ഡിപ്പോയിലെ ടൂർ കോ -ഓർഡിനേറ്റർമാർ ശ്രമിക്കുന്നുണ്ടെന്ന് ഡി.ടി.ഒ. കെ.പി. രാധാകൃഷ്ണൻ അറിയിച്ചു. മാർച്ച് ഏഴിന് മൂന്നാറിലേക്ക് മറ്റൊരു യാത്രയ്ക്ക് തീരുമാനിച്ചിട്ടുണ്ട്. വയനാട്ടിലേക്കും ആലപ്പുഴയിലേക്കും എറണാകുളം യാത്രകളും അടുത്തുതന്നെ തുടങ്ങാനുള്ള ശ്രമത്തിലാണ് അധികൃതർ.
ബുക്കിങ്ങുകൾക്ക് 9048848436, 9745611975, 9544088226 നമ്പറുകളിൽ ബന്ധപ്പെടാം.