പെരിന്തൽമണ്ണ: സിനിമ പ്രേമികളുടെ മനം നിറച്ച സവിതയും സംഗീതയും കെസിയുമെല്ലാം ഇനി മധുരിക്കുന്ന ഓർമ്മകളിലേക്ക്. ആയിരക്കണക്കിന് സിനിമാ പ്രേമികൾ മനം നിറഞ്ഞ് ചിരിക്കുകയും, കയ്യടിക്കുകയും, കഥാപാത്രങ്ങളോട് ഇടപഴകി സന്തോഷങ്ങളിലും സങ്കട കണ്ണീരിലും പങ്കു ചേർന്നതെല്ലാം ഇനി ഓർമ്മ മാത്രമാകും. ജില്ലയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സിനിമാ തിയേറ്ററുകളിൽ ഒന്നായ പെരിന്തൽമണ്ണയിലെ സവിത തിയേറ്റർ അടുത്ത ദിവസം പൊളിച്ചു നീക്കും. സംഗീതയിലും ഇനി സിനിമ പ്രദർശിപ്പിക്കില്ല. രണ്ട് സ്ക്രീനുകളായി ജില്ലയിലേക്ക് ആധുനികതയുടെ പ്രദർശനം എത്തിച്ച കെ.സി തീയേറ്ററും ഇനി ഓർമയാകും. സിനിമാ പ്രദർശന കേന്ദ്രങ്ങളിലെ ആധുനികതയുടെ വെളിച്ചം ആദ്യമെത്തിച്ച തിയേറ്ററാണ് കെസി.
ഒരു കാലത്ത് സിനിമ തിയേറ്ററുകളുടെ നഗരമായിരുന്നു പെരിന്തൽമണ്ണ. ജില്ലയിൽ ഏറ്റവും കൂടുതൽ തിയറ്ററുകളുള്ള നഗരം. ജില്ലയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും പെരിന്തൽമണ്ണയിലേക്ക് സിനിമാ പ്രേക്ഷകർ എത്തിയിരുന്ന കാലം. താര രാജാക്കന്മാരുടെ റിലീസ് ചിത്രങ്ങൾ നിറഞ്ഞു കളിച്ചിരുന്ന തിയേറ്ററുളുകളാണ് ഇവയെല്ലാം. അവിടെ നിന്നാണ് ഇപ്പോള്‍ ഒന്നിലേക്ക് ചുരുങ്ങുന്നത്.
ഇനി നഗരത്തിലുള്ളത് 4 സ്ക്രീനുള്ള ഒറ്റ തിയേറ്റർ മാത്രം. രാജന്‍ ടാക്കീസും, ജഹനറയും പതിറ്റാണ്ടുകൾക്ക് മുമ്പു തന്നെ ഓർമ്മയായി. പഴയ കാല പ്രൗഡിയിൽ തലയുയർത്തി നിൽക്കുകയായിരുന്നു അപ്പോഴെല്ലാം സവിത തിയേറ്റര്‍.
എഴുപതു വർഷം മുമ്പ് പാലക്കാട് സ്വദേശി ആരംഭിച്ചതാണ് ഈ തിയേറ്റർ. ആദ്യം സെയിന്‍ എന്ന പേര് പിന്നീട് സവിത എന്നാക്കി. കോവിഡ് കാലമാണ് ഈ തീയേറ്ററുകള്‍ക്കെല്ലാം കാലയവനിക തീർത്തത്. ഇനിയുള്ള പുതിയ കാലത്ത് പിടിച്ചു നിൽക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നതായി നിലവിലുള്ള ഉടമസ്ഥരിൽ ഒരാളായ എം.കെ ശക്തിധരൻ പറഞ്ഞു. പൊളിച്ചു നീക്കാൻ കരാർ നൽകിയതായും അടുത്ത ദിവസം തന്നെ പണി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ ലോകത്തു നിന്ന് തിയേറ്റർ പൊളിക്കുന്നതിന് എതിരെ വലിയ സമ്മർദം ഉണ്ടായെങ്കിലും ആധുനിക സങ്കേതങ്ങള്‍ ഒരുക്കി ഇനി മുന്നോട്ടു പോകാൻ പ്രയാസം കാരണം തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നഷ്ടം സിനിമാ ലോകത്തോട് വിട പറയാൻ നിർബന്ധിതമാക്കിയെന്ന് കെ.സി തിയേറ്ററിന്‍റെ മുന്‍ ഉടമയായിരുന്ന കെ. സി ഇസ്മായിലും പറഞ്ഞു.