നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. കേസിൽ തുടരന്വേഷണം മുന്നോട്ടുകൊണ്ടുപോകൻ ഹൈക്കോടതി അനുമതി നൽകി. ജസ്റ്റിൽ കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. തുടരന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് കേസില്‍ വിധി പറയാന്‍ സാധിക്കുക. അന്വേഷണം പൂര്‍ത്തിയാക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ക്രൈംബ്രാഞ്ച് മൂന്ന് മാസത്തെ സമയം തേടിയിരുന്നു. എന്നാല്‍ കോടതി ഇപ്പോള്‍ അന്വേഷണം ഏപ്രില്‍ 15 നകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയത്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗം പൂർത്തിയാക്കാൻ ബന്ധപ്പെട്ട കോടതിക്ക് നിർദേശം നൽകണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണവും തുടരന്വേഷണവും സംബന്ധിച്ചു പ്രതിയെ കേൾക്കേണ്ടതില്ലെന്നും സുപ്രീം കോടതി വിധികൾ ഉദ്ധരിച്ച് ഹൈക്കോടതി കക്ഷി ചേർന്ന നടി ചൂണ്ടിക്കാണിച്ചിരുന്നു.