നടിയെ ആക്രമിച്ച കേസില്‍ എട്ടു സാക്ഷികളെ വിസ്തരിക്കാനും പ്രതികളുടെ മൊബൈൽ ഫോണ്‍ രേഖകളുടെ യഥാർഥ പകർപ്പ് വിളിച്ചുവരുത്താനും ഹൈക്കോടതിയുടെ അനുമതി. കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി പ്രോസിക്യൂഷന്റെ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചു. പുതുതായി വിസ്തരിക്കുന്ന നിലീഷ, കണ്ണദാസൻ, സുരേഷ്, ഉഷ, കൃഷ്ണമൂർത്തി എന്നീ സാക്ഷികളുടെ വിസ്താരം 10 ദിവസത്തിനകം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശം. പ്രോസിക്യൂഷന്റെ പാളിച്ചകള്‍ മറികടക്കുന്നതിനാകരുത് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്നും പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയെന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള പുതിയ കേസിൽ ദിലീപ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. നാളെ വരെ ദിലീപിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് റജിസ്റ്റർ ചെയ്തത്.