പെരുമ്പാവൂർ : ഓരോ ദിവസം ചെല്ലുന്തോറും ഗതാഗതക്കുരുക്കിനാൽ വീർപ്പു മുട്ടുന്നു. ഗതാഗത കുരുക്കു പരിഹരിക്കാൻ ഒരു പതിറ്റാണ്ടു മുൻപു വിഭാവനം ചെയ്തു ടൗൺ ബൈപാസ് നിർമാണം ഇതുവരെയും തുടങ്ങിയിട്ടില്ല. ശബരിമല തീർഥാടനം തുടങ്ങിയാൽ ടൗണിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർധിക്കും. ആലുവ–മൂന്നാർ റോഡ്, എംസി റോഡ്, പിപി റോഡ് എന്നിവയിലൂടെയാണ് ടൗണിലെ ഗതാഗതം. ബദൽ മാർഗമായി വിഭാവനം ചെയ്തതാണ് ടൗൺ ബൈപാസ്. എഎം റോഡിൽ പാലക്കാട്ടുതാഴത്ത് തുടങ്ങി പിപി റോഡ്, എംസി റോഡ് എന്നിവ കുറുകെ കടന്ന് എഎം റോഡിലെ മരുത് കവലയിൽ അവസാനിക്കുന്നതാണ് റോഡ്.
മൂവാറ്റുപുഴ, കോതമംഗലം , ആലുവ, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങളുടെ ടൗൺ യാത്ര ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതുവഴി ടൗണിൽ വാഹനങ്ങളുടെ എണ്ണം കുറച്ചു യാത്ര സുഗമമാക്കാൻ കഴിയുമെന്ന ഉദ്ദേശ്യത്തോടെയാണു പദ്ധതി വിഭാവനം ചെയ്തത്. പെരുമ്പാവൂർ പട്ടണത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് കാലടി കവലയും പുഷ്പ ജംക്‌ഷൻ ഉൾപ്പെടുന്ന ഭാഗവും.കോതമംഗലം ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാലടി കവലയിൽ സിഗ്നൽ കിട്ടിയാലും പലപ്പോഴും പോകാൻ കഴിയാതെ ബ്ലോക്കിൽ കിടക്കും. ഇതു ടൗണിലാകെ ബാധിക്കു
പുഷ്പ ജംക്‌ഷൻ വഴി കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് തിരിയേണ്ട വാഹനങ്ങൾ ആ ഭാഗത്തേക്ക് തിരിയുന്നതു മൂലം ആലുവ ഭാഗത്തേക്ക് സിഗ്നൽ ലഭിച്ച വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയുമാണുള്ളത്. അങ്കമാലി ഭാഗത്തു നിന്നും ഫ്രീ ലെഫ്റ്റ് ആയി കോതമംഗലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും ഒപ്പം മാർക്കറ്റ് റോഡിൽ നിന്നും കയറി വരുന്ന വാഹനങ്ങളും കൂടിയാകുമ്പോൾ പുഷ്പ ജംക്‌ഷനിൽ ഗതാഗത കുരുക്കാകുന്നു. കോലഞ്ചേരി കവല,ഔഷധിക്കവല എന്നിവിടങ്ങളിലും കുരുക്ക് അനുഭവപ്പെടുന്നു. ശബരിമല തീർഥാടനം തുടങ്ങുന്നതിനു മുൻപ് ക്രമീകരണം ഏർപ്പെടുത്തുകയും കൂടുതൽ പൊലീസുകാരെ നിയമിക്കുകയും ചെയ്യണം എന്നുമാണ് ആവശ്യം.