കോതമംഗലം ; പുന്നേക്കാട്–തട്ടേക്കാട് റോഡിൽ പകലും കാട്ടാനഭീഷണി ഉയർന്നതോടെ കീരംപാറ, കുട്ടമ്പുഴ പഞ്ചായത്തുകൾ ഇടപെട്ട് കാടുവെട്ടിത്തെളിച്ചു. റോഡരികിലെ തേക്ക് പ്ലാന്റേഷനിൽ വളർന്ന കാടുകൾ കാഴ്ച മറച്ചു യാത്രക്കാർക്കു ഭീഷണിയായതോടെയാണു നടപടി. കാടിനുള്ളിൽ ആനകൾ നിന്നാൽ കാണാൻ കഴിയില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമായിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നു നടപടിയില്ലാതായതോടെയാണു പഞ്ചായത്ത് അധികൃതർ രംഗത്തിറിങ്ങിയത്.
പ്ലാന്റേഷൻ കീരംപാറ പഞ്ചായത്തിലാണെങ്കിലും കുട്ടമ്പുഴയിലേക്കുള്ള റോഡ് ആയതിനാലാണു കാടുവെട്ടാൻ ഇവിടെനിന്നും ആളുകളെത്തിയത്. പഞ്ചായത്ത് പ്രസിഡന്റുമാരായ മാമച്ചൻ ജോസഫ്, കാന്തി വെള്ളക്കയ്യൻ, കീരംപാറ വൈസ് പ്രസിഡന്റ് ബീന റോജോ, കുട്ടമ്പുഴ വികസന സ്ഥിരസമിതി അധ്യക്ഷൻ കെ.എ.സിബി തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ ജോലിക്കിറങ്ങി.