താമരശ്ശേരി: ചങ്ങലയ്ക്കിടാതെ അഴിച്ചുവിട്ട വളർത്തുനായകളുടെ കടിയേറ്റ് അമ്പായത്തോടിൽ ഫൗസിയക്ക് പരിക്കേറ്റ സംഭവത്തിൽ ഉടമയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് താമരശ്ശേരി പോലീസ് ആർ.ഡി.ഒ.യ്ക്കും താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിനും റിപ്പോർട്ട് നൽകി.
ജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന വിധത്തിൽ വളർത്തുമൃഗത്തെ സ്വതന്ത്രമാക്കി വിടുന്നതിന് വെഴുപ്പൂർ എസ്റ്റേറ്റിലെ മീനംകുളത്തുചാൽ ബംഗ്ലാവിൽ റോഷനെതിരേ സി.ആർ.പി.സി. 133 പ്രകാരമുള്ള നടപടി നിർദേശിച്ചാണ് താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ അഗസ്റ്റിൻ റിപ്പോർട്ട് നൽകിയത്. പ്രദേശവാസികളുടെ ജീവനുപോലും ഭീഷണിയാവുന്ന വിധത്തിൽ നായകളെ തുറന്നുവിടുന്നതിനെതിരേ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ താമരശ്ശേരി ഡിവൈ.എസ്.പി. ടി.കെ. അഷ്‌റഫിന് കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു.