കോഴിക്കോട്: താരമശ്ശേരിയിൽ വീട്ടമ്മയെ വളർത്തുനായക്കൾ കടിച്ച് പരിക്കേൽപ്പിച്ചു. അമ്പായത്തോട് സ്വദേശിനി ഫൗസിയയ്‌ക്കാണ് പരിക്കേറ്റത്. രാവിലെ ജോലിയ്‌ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സംഭവത്തിൽ നായ്‌ക്കളുടെ ഉടമയായ റോഷനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിൽവെച്ചായിരുന്നു സംഭവം. ഈ എസ്‌റ്റേറ്റ് ഉടമയുടെ ചെറുമകൻ വളർത്തുന്ന നായ്‌ക്ക ളാണ് ആക്രമിച്ചത്. എസ്‌റ്റേറ്റ് വഴി ജോലിക്കു പോകുകയായിരുന്ന ഫൗസിയയെ മൂന്ന് വളർത്തുനായ്‌ക്കൾ ചേർന്ന് കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
നാട്ടുകാർ എത്തിയാണ് വീട്ടമ്മയെ രക്ഷിച്ചത്. ഇതിനിടെ നായ്‌ക്കൾ പ്രദേശവാസികളെയും ആക്രമിക്കാൻ ശ്രമിച്ചു. നായ്‌ക്കളുടെ ആക്രമണത്തിൽ മുഖത്തും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ ഫൗസിയയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഫൗസിയയെ നായ്‌ക്കൾ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റോഡ് വീലർ ഇനത്തിൽപ്പെട്ട നായ്‌ക്കളാണ് ആക്രമിച്ചത്. ഈ നായ്‌ക്കൾ ഇതിന് മുൻപും പ്രദേശവാസികളെ ഉപദ്രവിച്ചിട്ടുണ്ട്. അക്രമകാരികളായ നായ്‌ക്കളെ അലസമായാണ് എസ്റ്റേറ്റ് ഉടമയുടെ കൊച്ചുമകൻ കൈകാര്യം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ഉയർന്നിരുന്നു. എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്ന പ്രഭാകരനെയും നായ്‌ക്കൾ ആക്രമിച്ചിട്ടുണ്ട്.