ദേശീയ പണിമുടക്കിനെതിരെ കേരളാ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കൺവൻഷൻ മാർച്ച് 28നും 29നും ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹർജി നൽകിയത്. പണിമുടക്ക് ദിവസം സർക്കാർ ഉദ്യോഗസ്ഥർക്കടക്കം ഹാജർ നിർബന്ധമാക്കണമെന്നും ഡയസ് നോൺ പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.