മൂന്നാർ ∙ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ രൂക്ഷമായ മൂന്നാറിൽ കാട്ടാനകളുടെ മുന്നിൽനിന്നു ചിത്രമെടുത്ത് യുവാക്കളുടെ സാഹസം. ഇങ്ങനെ ചിത്രമെടുത്ത രണ്ടുപേർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. കാട്ടാനകളെ കാണുമ്പോൾ മുന്നിൽ നിന്ന് സെൽഫി ഉൾപ്പെടെ എടുക്കുന്നത് ആനകളെ പ്രകോപിപ്പിക്കുമെന്നും അത്തരം പ്രവൃത്തികൾ അവസാനിപ്പിക്കണമെന്നും വനംവകുപ്പ് ജീവനക്കാർ പറയുന്നു.
കാട്ടാനയുടെ മുന്നിൽ നിന്ന് ചിത്രങ്ങളും വിഡിയോയും പകർത്തിയെന്നാരോപിച്ചാണു പഴയ മൂന്നാർ സ്വദേശികളായ എം.സെന്തിൽ (28), എം.മണി (26) എന്നിവർക്കെതിരെ ആണ് വനംവകുപ്പ് കേസെടുത്തത്. യുവാക്കൾ ഒളിവിലാണെന്നു മൂന്നാർ റേഞ്ചർ എസ്.ബിജു പറഞ്ഞു.
ഇന്നലെ രാവിലെ സെവൻമല എസ്റ്റേറ്റിൽ പഴയ മൂന്നാർ ഡിവിഷനിൽ ഇറങ്ങിയ കബാലി എന്ന കാട്ടാനയുടെ സമീപത്തു നിന്നാണു സെന്തിൽ എന്ന യുവാവ് സുഹൃത്ത് രവിയെ ഉപയോഗിച്ച് ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോയും പകർത്തിയത്.
എസ്റ്റേറ്റ് റോഡിനു സമീപം നിന്നിരുന്ന ആനയുടെ 20 മീറ്റർ വരെ അടുത്തെത്തിയാണ് ഫോട്ടോയ്ക്കു പോസ് ചെയ്തതെന്നു വനംവകുപ്പ് പറയുന്നു. സുഹൃത്ത് ചിത്രം പകർത്തുന്നതിനിടെ ആന പെട്ടെന്നു തിരിഞ്ഞതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.