ആന്റി ഹരാസ്മെന്റ് നയങ്ങൾ കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്വിറ്റര്‍ തങ്ങളുടെ സ്വകാര്യ വിവര നയം അപ്ഡേറ്റുചെയ്തു. സ്വകാര്യ വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും അവരുടെ അനുമതിയില്ലാതെ പോസ്റ്റു ചെയ്യാന്‍ ഉപയോക്താക്കളെ ഇനി അനുവദിക്കില്ല. ”സ്വകാര്യതയും സുരക്ഷയും ഉള്‍ക്കൊണ്ട് ടൂളുകള്‍ നിര്‍മ്മിക്കാനുള്ള ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ഞങ്ങള്‍ നിലവിലുള്ള സ്വകാര്യ വിവര നയം അപ്ഡേറ്റ് ചെയ്യുകയും ‘സ്വകാര്യ മാധ്യമ’-ത്തെ ഉള്‍പ്പെടുത്തുന്നതിനായി ചില മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ നിലവിലുള്ള നയം അനുസരിച്ച്, മറ്റ് ആളുകളുടെ ഫോണ്‍ നമ്പറുകള്‍, വിലാസങ്ങള്‍, ഐഡികള്‍ എന്നിവ പോലുള്ള സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ട്വിറ്ററില്‍ അനുവദനീയമല്ല. സ്വകാര്യ വിവരങ്ങള്‍ തുറന്നുകാട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നതും മറ്റുള്ളവരെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു,” കമ്പനി തങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു. ‘ചിത്രങ്ങളോ വീഡിയോകളോ പോലുള്ള സ്വകാര്യ മാധ്യമങ്ങള്‍ പങ്കിടുന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയെ ലംഘിക്കാനും, വൈകാരികമോ ശാരീരികമോ ആയ വിഷമങ്ങളിലേയ്ക്കും നയിച്ചേക്കാം. സ്വകാര്യ മാധ്യമങ്ങളുടെ ദുരുപയോഗം എല്ലാവരെയും ബാധിക്കും. സ്ത്രീകള്‍, ആക്ടിവിസ്റ്റുകള്‍, ഭിന്നശേഷിക്കാര്‍, ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങള്‍ എന്നിവരെ ഇത് കൂടുതല്‍ ബാധിക്കും,” എന്നും അഭിപ്രായപ്പെട്ടു. ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോര്‍സിയ്ക്ക് പകരമായി ഇന്ത്യൻ വംശജനായ പരാഗ് അഗര്‍വാള്‍ സിഇഒ ആയി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ട്വിറ്റര്‍ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.