
.കൊച്ചി : ‘വയോധികൻ ചോദിച്ചു, ഈ ഭൂമിയുടെ മധ്യം എവിടെ, കുട്ടി മറുപടി നൽകി’ തലക്കെട്ടിലെ പ്രത്യേകതതന്നെ ആസ്വാദകരെ ആകർഷിക്കുകയാണു ദർബാർ ഹാൾ കലാകേന്ദ്രത്തിലേക്ക്. ചിത്രകാരന്മാരായ ആർ.വി.വിക്രമും വി.സി.ശ്രീജിത്തും ചേർന്നുള്ള ദ്വയാംഗ കലാപ്രദർശനത്തിന്റെ തലവാചകമാണിത്. ഓയിൽ, അക്രിലിക്, ചാർക്കോൾ തുടങ്ങിയ മാധ്യമങ്ങൾക്കു പുറമേ വുഡ്കട്ട് പ്രിന്റുകളുമാണു മനോജ് കണ്ണൻ ക്യുറേറ്റ് ചെയ്യുന്ന പ്രദർശനത്തിലുള്ളത്. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് പ്രദർശനം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 12 വരെയാണ് പ്രദർശനം. ഇതോടൊപ്പം കലാപ്രവർത്തകരുടെ ‘ഐഡിയ–23’ കലാപ്രദർശനത്തിനും ദർബാർ ഹാൾ കലാകേന്ദ്രത്തിൽ തുടക്കമായി. പ്രണവം ശ്രീകുമാർ, ഭദ്രൻ കാർത്തിക, ഷമീർ ഹരിപ്പാട്, മോഹന സുബ്രഹ്മണി, ആന്റണി മുഖത്തല, ചിത്ര ജ്യോതി എന്നിവരുടെ കലാസൃഷ്ടികളുടെ ഈ പ്രദർശനം ഗുരു ചെങ്ങന്നൂർ സ്മാരക സമിതി വൈസ് ചെയർമാൻ ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. 9വരെ ഈ പ്രദർശനം തുടരും. രണ്ടു കലാമേളകളും രാവിലെ 11 മുതൽ വൈകിട്ട് 7 വരെ ആസ്വദിക്കാം