ശബരിമല തീര്‍ഥാടനത്തിന് ഇടത്താവളങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ദേവസ്വം ബോര്‍ഡുകളോട് ഹൈക്കോടതി. ക്ഷേത്രോപദേശസമിതികള്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് വേണ്ട സഹായം നല്‍കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഭക്തർക്ക് ഏർപ്പെടുത്തിയ സൗകര്യങ്ങൾ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ പരിശോധിക്കണം. സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച്ചയുണ്ടായാൽ അക്കാര്യം സ്പെഷ്യൽ കമ്മീഷണർ മുഖേന കോടതിയെ അറിയിക്കാനും ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. തിരുവിതാംകൂർ, കൊച്ചിൻ ദേവസ്വം ബോർഡുകൾക്ക് കീഴിൽ 59 ഇടത്താവളങ്ങൾ തയ്യാറാക്കണമെന്നും തീർഥാടനത്തോട് അനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ കെട്ടുനിറയ്ക്കും മാലയിടലിനും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.