തിരുവനന്തപുരം ∙ കൈതോലപ്പായ വിവാദത്തിൽ വലിയ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ഉന്നമിട്ട് ശക്തിധരൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ശക്തിധരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു കാണിച്ച് അന്വേഷണസംഘം സിറ്റി പൊലീസ് കമ്മിഷണർക്കു റിപ്പോർട്ട് കൈമാറിയതിനു പിന്നാലെയാണു വെളിപ്പെടുത്തൽ.
‘ദേശാഭിമാനി ഓഫിസിൽനിന്ന് 2.35 കോടി സമാഹരിച്ചു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് തിരുവനന്തപുരത്ത് എകെജി സെന്ററിൽ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി.രാജീവ് ആണെന്നും ഞാൻ തുറന്ന് എഴുതിയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു’ എന്നാണു ശക്തിധരൻ സമൂഹമാധ്യമ കുറിപ്പിൽ ചോദിക്കുന്നത്.
അതുക്കും മേലെയുള്ള തുക പിണറായി വിജയനും മകൾ വീണ തായ്‌ക്കണ്ടിയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്നു 3 ഹൈക്കോടതി ജഡ്ജിമാർ വിധി എഴുതിയപ്പോഴും കേരളം ഇങ്ങനെത്തന്നെയായിരുന്നു. യഥാർഥ മാഫിയ രാജാവാണു പിണറായി വിജയനെന്നും തന്റെ കംപ്യൂട്ടറിൽ അതിന്റെ തെളിവുകൾ ഉണ്ടെന്നും ഒരു ന്യായാധിപൻ പരസ്യമായി വെല്ലുവിളിച്ചപ്പോഴും ഒന്നും സംഭവിച്ചില്ല. പിണറായി വിജയൻ പറയുന്നതിനപ്പുറം രാജ്യത്ത് ഒന്നും സംഭവിക്കില്ലെന്ന് വിശ്വസിക്കുന്ന മൂഢന്മാരെ സൃഷ്ടിച്ചെന്നതാണ് പിണറായിസത്തിന്റെ മഹത്വമെന്നും ശക്തിധരൻ അഭിപ്രായപ്പെട്ടു.