സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലഘട്ടങ്ങളിൽ കരിയറിലും വ്യക്തിജീവിതത്തിലും ഒരുപോലെ പ്രതിസന്ധികൾ നേരിട്ടുള്ള നടിയാണ് നയൻതാര. ഇന്ന് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചു പലരും തലയിലേറ്റി നടക്കുന്നുണ്ടെങ്കിലും ഒരുകാലത്ത് നടി വലിയ രീതിയിൽ വിമർശകരുടെ കല്ലേറ് കൊണ്ടിരുന്നു. അന്ന് പ്രതിസന്ധികളിൽ തളരാതെ ഉറച്ച കാൽപ്പാടുകളുമായി നടി മുന്നോട്ടു പോയതിന്റെ വിജയമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന ഇന്നത്തെ താര പദവിയും, കൈ നിറച്ചുള്ള പടങ്ങളും, സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതവുമെല്ലാം.
100% പ്രൊഫഷണൽ ആയി സിനിമയെ കൈകാര്യം ചെയ്യുന്ന നടി ഓരോ സിനിമയ്ക്കും കഥാപാത്രത്തിനു വേണ്ടി പുലർത്തുന്ന സൂക്ഷ്മതയും കഠിനാധ്വാനവുമെല്ലാം പലപ്പോഴും സാധാരണ പ്രേക്ഷകർ പോലും നോട്ടീസ് ചെയ്യാറുണ്ട്.
രൂപത്തിലും ഭാവത്തിലും അഭിനയത്തിലും വസ്ത്രങ്ങളിലും മേക്കപ്പിലും വരെ ഒന്നിനോടൊന്ന് വ്യത്യസ്തത പുലർത്തി നടി കയ്യടി വാങ്ങിക്കാറുണ്ട്. ഇത്തരത്തിൽ പ്രായത്തെ പിറകോട്ടടിപ്പിക്കുന്ന താരത്തിന്റെ പല സീസണുകളിലെ മേക്കോവറുകൾ കാരണം ഒരു പിടിയും കിട്ടാതെ പ്രേക്ഷകർ പലപ്പോഴും പലതരം വ്യാജ അഭ്യൂഹങ്ങൾ പടച്ചു വിടാറുമുണ്ട്. ഇത്തരത്തിലുള്ളതായിരുന്നു നടി കോസ്മിക് സർജറി നടത്തിയാണ് ഗ്ലാമറും ലുക്കും നിലനിർത്തുന്നതെന്നുള്ള വാർത്തകൾ. പലപ്പോഴും നിജസ്ഥിതി അറിയില്ലെങ്കിൽ പോലും സമൂഹ മാധ്യമങ്ങളിൽ ചിലർ നയൻസിനെ ഇക്കാരണം ചൂണ്ടിക്കാട്ടി വിമർശിക്കാറുമുണ്ട്. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് നയൻതാര.
‘ഞാൻ മുഖത്ത് എന്തോ ചെയ്തിട്ടുണ്ട് എന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ അത് സത്യമല്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഡയറ്റ് കൊണ്ടാണ്. ഭാരത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ നിങ്ങൾക്ക് എന്നെ നുള്ളിനോക്കാം, ഇതിൽ ഒരുതരി പ്ലാസ്റ്റിക്കില്ല,’ എന്ന് നയൻതാര തമാശ രൂപേണ പറഞ്ഞു. തനിക്ക് പുരികം ത്രെഡ് ചെയ്യുന്നത് ഏറെ ഇഷ്ടമുള്ള കാര്യമാണെന്നും അതിൽ വ്യത്യസ്തതകൾ കൊണ്ടുവരാറുണ്ടെന്നും നടി പറഞ്ഞു. ഇക്കാരണത്താലാകാം തന്റെ മുഖത്തിന് വ്യത്യാസങ്ങൾ വന്നതായി ആളുകൾക്ക് തോന്നുന്നത് എന്നാണ് നയൻസിന്റെ അഭിപ്രായം.