Spread the love
വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയം ഉയർന്ന നിരക്ക് ഈടാക്കാൻ ആലോചന

വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള സമയത്ത് ഉപയോക്താക്കളിൽനിന്നു കൂടുതൽ തുക ഈടാക്കി ഉപയോഗം കുറവുള്ള സമയത്തു നിരക്കിളവു നൽകുന്നതു കെഎസ്ഇബി പരിഗണിക്കുന്നു. ഗാർഹിക, വാണിജ്യ ഉപയോക്താക്കളുടെ വൈദ്യുതി ബിൽ ഉയരാൻ ഇത് ഇടയാക്കും. ബില്ലിങ് രീതി മാറ്റുന്നതു സംബന്ധിച്ചു വൈദ്യുതി റെഗുലേറ്ററി കമ്മീഷനിൽ ഉടൻ തന്നെ അപേക്ഷ നൽകും. വൻകിട ഉപയോക്താക്കൾ പുറത്തു നിന്നു നേരിട്ടു വൈദ്യുതി കൊണ്ടുവരികയും അതുവഴി കെഎസ്ഇബിയുടെ പ്രവർത്തനം താളംതെറ്റുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണു നിർദ്ദേശം.
ഈ നിർദ്ദേശം നടപ്പായാൽ, രാവിലെ 6 മുതൽ വൈകിട്ട് 6 വരെയുള്ള സമയത്തു സാധാരണ നിരക്കും വൈകിട്ട് 6 മുതൽ രാത്രി 10 വരെയുള്ള പീക് അവേഴ്സിൽ കൂടിയ നിരക്കും രാത്രി 10 മുതൽ പുലർച്ചെ 6 വരെയുള്ള ഓഫ് പീക് അവേഴ്സിൽ നിലവിലുള്ളതിനേക്കാൾ കുറഞ്ഞ നിരക്കുമാവും ഈടാക്കുക. എല്ലാ ഉപയോക്താക്കൾക്കും സ്മാർട്ട് മീറ്റർ സ്ഥാപിച്ച ശേഷമേ പുതിയ ബില്ലിങ് രീതി നടപ്പാക്കാൻ കഴിയൂ.
നിരക്കു വർദ്ധിപ്പിക്കാൻ കഴിഞ്ഞ വർഷം ബോർഡ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ച ഘട്ടത്തിൽ ഈ നിർദ്ദേശം ഉയർന്നിരുന്നെങ്കിലും എതിർപ്പു മൂലം ഉപേക്ഷിക്കുകയായിരുന്നു. 20 കിലോവാട്ടിൽ കൂടുതൽ ഉപഭോഗമുള്ള വ്യവസായങ്ങൾക്കും പ്രതിമാസം 500 യൂണിറ്റിൽ കൂടുതലുള്ളവർക്കും നിലവിൽ ഇത്തരത്തിലാണു ബില്ലിങ്. വ്യവസായങ്ങൾക്ക് വൈകിട്ട് 6 മുതൽ രാത്രി 10 വരെ 50% അധികനിരക്കും രാത്രി 10 മുതൽ രാവിലെ 6 വരെ 25% ഇളവും ഉണ്ട്. എന്നാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ചുരുക്കം വ്യവസായങ്ങൾക്കേ ഈ ആനുകൂല്യത്തിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂ.
വൈദ്യുതിനിരക്ക് കൂടുന്ന സമയത്ത് ഉപയോഗം കുറയുമെന്നതിനാൽ കെഎസ്ഇബി പുറത്തു നിന്നു വാങ്ങുന്ന വൈദ്യുതി കുറയ്ക്കാൻ കഴിയും. പകൽ സമയം സ്വന്തം ഉൽപാദനം ഉപയോഗിക്കാനും പീക് അവറിൽ വൈദ്യുതി വാങ്ങൽ കുറയ്ക്കാനും കഴിയുകയും ഉപയോക്താക്കളിൽനിന്ന് അധിക തുക ലഭിക്കുകയും ചെയ്യുമ്പോൾ വരുമാനം കുറയാതെ മുന്നോട്ടു പോകാമെന്നാണു ബോർഡിന്റെ കണക്കുകൂട്ടൽ.

Leave a Reply