
വിമാനത്തിലെ പ്രതിഷേധിച്ച പ്രതികളുടെ ജാമ്യഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി ഹൈക്കോടതി. വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യ തേടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ കെ നവീൻ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചത്. വിമാനത്തിൽ നടന്നത് മുദ്രാവാക്യം വിളി മാത്രമാണെന്നും ഇതിന് വധശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. രാഷ്ട്രീയ വിരോധം തീർക്കാൻ ഭാവനാസൃഷ്ടിയിൽ ഉണ്ടാക്കിയ കേസാണിത്. തങ്ങൾ വിമാനത്തിന്‍റെ മുൻസീറ്റിലും മുഖ്യമന്ത്രി പിൻസീറ്റിലുമായിരുന്നു. വിമാനം ലാൻഡ് ചെയ്ത് വാതിൽ തുറന്നപ്പോൾ രണ്ടുവട്ടം മുദ്രാവാക്യം വിളിച്ചു. ഇ പി ജയരാജനും ഗൺമാനും ചേർന്ന് തങ്ങളെ തള്ളിയിട്ട് ക്രൂരമായി മർദ്ദിച്ചു. എന്നാൽ ഇ പി ജയരാജനെതിരെ കേസ് പോലുമില്ല. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിൽ നടക്കുന്ന സമരത്തെ അടിച്ചമർത്താനുള്ള കേസാണിതെന്നും ഹർജിക്കാർ പറഞ്ഞു.