Spread the love

ആധുനിക പ്ളാന്റുകൾ
സ്ഥാപിക്കുന്നതിനും നിലവിലുള്ള സംരംഭം വിപുലപ്പെടുത്തുന്നതിനുമായി കേരളത്തിൽ 200 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുകയാണ് പ്രമുഖ സുഗന്ധവ്യഞ്ജന സത്ത് – ഓയിൽ നിർമ്മാതാക്കളായ പ്ളാന്റ് ലിപിഡ്സ്. മൂന്ന് ഘട്ടങ്ങളിലായി ആസൂത്രണം ചെയ്ത നിക്ഷേപ പദ്ധതികൾ 2026 ഓടെ പൂർത്തിയാക്കാൻ മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയിൽ ധാരണയായി.

ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍ ക്രിട്ടിക്കല്‍ എക്സ്ട്രാക്ഷന്‍ പ്ലാന്റ് ആണ് കോലഞ്ചേരിയിൽ നിർമ്മിക്കുന്നതെന്നാണ് പ്ളാന്റ് ലിപിഡ്സ് അറിയിക്കുന്നത്. ഇതോടൊപ്പം നാച്ചുറല്‍ ഫുഡ് കളര്‍ , നാച്ചുറല്‍ പ്രോഡക്ട്‌സ് എക്‌സ്ട്രാക്ഷന്‍ പ്ലാന്റുകളും ഡിവിഷനുകളും സ്ഥാപിക്കുന്നതിനുമാണ് പുതിയ നിക്ഷേപ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 60 കോടി രൂപയുടെ വികസന പദ്ധതി നിലവില്‍ പുരോഗമിക്കുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷം 60 കോടി രൂപയും 2026 ഓടെ 80 കോടി രൂപയും നിക്ഷേപിക്കും.

ലോകത്തെ ഏറ്റവും വലിയ സ്പൈസ് ഓയില്‍ ഉത്പാദകരിൽ ഒന്നാണ് പ്ലാന്റ് ലിപിഡ്സ്. കോലഞ്ചേരി ആസ്ഥാനമായ പ്ലാന്റ് ലിപിഡ്സിന് ഏഴ് രാജ്യങ്ങളില്‍ ഓഫീസുണ്ട്. തൊണ്ണൂറോളം രാജ്യങ്ങളിലേക്ക് സുഗന്ധ വ്യഞ്ജന സത്ത് കയറ്റുമതിചെയ്യുന്നു.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ആറ് ഡിവിഷനുകളും വിപുലീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് സംരംഭകര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കും. കമ്പനിയുടെ പ്രധാന പ്ലാന്റുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന് വ്യവസായ എസ്റ്റേറ്റ് പദവി നല്‍കണമെന്ന ആവശ്യം പരിഗണിക്കും. സംരംഭങ്ങള്‍ക്കുള്ള ഏകജാലക അനുമതി 7 ദിവസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യും.

Leave a Reply