Spread the love
പ്ലസ്ടു മൂല്യനിർണയം; ഉത്തരക്കടലാസുകളുടെ എണ്ണം വർധിപ്പിച്ചതിനെതിരെ വിമർശനം

തിരുവനന്തപുരം: പ്ലസ്ടു മൂല്യനിർണയത്തിനുള്ള ഉത്തരക്കടലാസുകളുടെ എണ്ണം വർധിപ്പിച്ചതിനെതിരെ വിമർശനം ഉയരുന്നു. ദിവസം നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം 26ൽ നിന്ന് 34 ആയാണ് ഉയർത്തിയത്. പുതിയ നിർദേശം മൂല്യനിർണയത്തെ ബാധിക്കുമെന്നാണ് ഹയർ സെക്കൻഡറി അധ്യാപകരുടെ ആക്ഷേപം.
ഈ മാസം 28നാണ് പ്ലസ് ടു മൂല്യനിർണയ ക്യാമ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഒരു ദിവസം പരമാവധി 26 ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തേണ്ടിയിരുന്നത്.

പക്ഷെ ഇക്കുറി അത് 34 ആയി വർധിപ്പിച്ചു. അധ്യാപകർ തയ്യാറാണെങ്കിൽ 51 ഉത്തരക്കടലാസുകൾ വരെ നോക്കാം. ജീവശാസ്ത്രത്തിലെ പേപ്പറുകളുടെ എണ്ണം എഴുപത്തിഅഞ്ച് വരെ ആകാമെന്നും ജോയിന്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വേഗത്തിൽ പേപ്പറുകൾ നോക്കിത്തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരം. തീരുമാനത്തിൽ നിന്ന് പിൻമാറിയിലെങ്കിൽ ഒറ്റക്കെട്ടായി സമരം ചെയ്യുമെന്ന് അധ്യാപകർ പറയുന്നു. പുനർമൂല്യ നിർണയത്തിൽ ചെറിയ മാർക്ക് വ്യത്യാസമുണ്ടായാൽ പോലും അധ്യാപകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പരീക്ഷാ മാനുവലിൽ പറയുന്നു. ഇത്തരം തീരുമാനങ്ങൾ ജോലിഭാരവും മാനസികസമ്മർദം വർധിപ്പിക്കുമെന്ന് അധ്യാപകർ ആരോപിക്കുന്നു.

Leave a Reply